തമിഴ്‌നാട്ടില്‍ കനത്ത മഴ: 20 മരണം, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 20 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Update: 2019-12-02 04:13 GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് മേട്ടുപ്പാളയത്ത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരിച്ചവരുടെ എണ്ണം 20 ആയി. രണ്ട് ദിവസമായി തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. മേട്ടുപ്പാളയത്തിനടുത്ത് നാടൂരില്‍ എഡി കോളനിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ മേട്ടുപ്പാളയം ആശുപത്രിയിലേക്ക് മാറ്റി.

    സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

    ചെന്നൈയില്‍ 176 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 20 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് കടലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 800 ഓളം പേരെ ഒഴിപ്പിച്ചതായി മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു.