മലേഗാവ് നടുങ്ങിയ ഹിന്ദുത്വ ഭീകരാക്രമണത്തിന് 13 വയസ്സ്; ഇഴഞ്ഞുനീങ്ങി വിചാരണ, എംപി പദവിയില്‍ മുഖ്യപ്രതി പ്രഗ്യാ സിംഗ്
ആറോളം പേരുടെ ജീവന്‍ അപഹരിക്കുകയും നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങള്‍ക്കുപിന്നിലെ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ എന്ന കാഷായ വസ്ത്രധാരി ബിജെപി എംപിയായി പാര്‍ലമെന്റിലെത്തുന്ന നടക്കുന്ന കാഴ്ചയ്ക്കും ഇക്കാലയളവ് സാക്ഷിയായി.
സ്വന്തം പ്രതിനിധി
മുംബൈ: മലേഗാവ് നടുങ്ങിയ രണ്ടാം ഭീകരാക്രമണം നടന്ന് 13 വര്‍ഷം പിന്നിടുമ്പോഴും വിചാരണ നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. ആറോളം പേരുടെ ജീവന്‍ അപഹരിക്കുകയും നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങള്‍ക്കുപിന്നിലെ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ എന്ന കാഷായ വസ്ത്രധാരി ബിജെപി എംപിയായി പാര്‍ലമെന്റിലെത്തുന്ന നടക്കുന്ന കാഴ്ചയ്ക്കും ഇക്കാലയളവ് സാക്ഷിയായി.
പ്രജ്ഞാസിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴു പേര്‍ പ്രതികളായ കേസില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ അന്വേഷണ സംഘം കുറ്റകരമായ അനാസ്ഥ തുടരുകയാണ്. കേസില്‍ 198 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. അറുപതിലേറെ പേരെക്കൂടി വിസ്തരിക്കാനുണ്ടെന്നാണ് എന്‍ഐഎ അടുത്തിടെ കോടതിയെ അറിയിച്ചത്.
ചെറിയപെരുന്നാള്‍ ആഘോഷത്തിനായി ജനങ്ങള്‍ തയ്യാറെടുക്കുന്നതിനിടെ 2008 സെപ്റ്റംബര്‍ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമരങ്ങേറിയത്. യന്ത്രത്തറികള്‍ക്ക് പേരുകേട്ട നഗരത്തില്‍ രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. 2006ല്‍ തുടര്‍ച്ചയായി നടന്ന നാല് സ്‌ഫോടനങ്ങളില്‍ 31 പേരുടെ ജീവന്‍ അപഹരിച്ചിരുന്നു.
കേസന്വേഷണം ഏറ്റെടുത്ത ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) സ്‌ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് രൂപംനല്‍കിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് എടിഎസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് സംഘടനയില്‍ നുഴഞ്ഞു കയറിയതാണെന്നും സ്‌ഫോടനത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുമായിരുന്നു പുരോഹിതന്റെ വാദം.
ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് രാജ്യത്തെ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ഹിന്ദുത്വരുടെ കരാളഹസ്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തവരുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായത് പ്രജ്ഞാസിങ് ഠാക്കൂര്‍ ആയിരുന്നു. അതിനിടെ, 2006ല്‍ മാലേഗാവില്‍ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഇതേ സംഘത്തിന്റെ ഇടപെടലുകള്‍ കണ്ടെത്തിമുഖ്യപ്രതികളിലൊരാളയ പ്രജ്ഞാസിങ് ഠാക്കൂര്‍ നിലവില്‍ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി ആണെന്നതാണ് ഇതിലെ ക്രൂരമായ ഫലിതം.
മുംബൈ ആക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതിനു പിന്നാലെ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം പാളംതെറ്റുന്നതാണ് പിന്നീട് കണ്ടത്.
സ്‌ഫോടന കൂടിയാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എന്‍ഐഎ ഇപ്പോള്‍ കോടതിയില്‍ പറഞ്ഞത്.
അതിനിടെ, 2007ലെ മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ് ട്രെയിന്‍, 2006, 2008 മാലേഗാവ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസീമാനന്ദ വെളിപ്പെടുത്തിയത്. കേസില്‍ വഴിത്തിരിവായി.
കുറ്റസമ്മതം ഒഴികെ മറ്റൊരു തെളിവുമില്ലാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര എടിഎസും പിന്നീട് സിബിഐയും പ്രതികളാക്കിയ ഒമ്പതു മുസ്ലിം യുവാക്കളെ 37 പേര്‍ മരിച്ച 2006ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍നിന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി പിന്നീട് കുറ്റമുക്തരാക്കിയിരുന്നു.
2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അറസ്റ്റ് ചെയ്ത കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസിമാരായ ദയാനന്ദ പാണ്ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, റിട്ട. മേജര്‍ ഉപാധ്യായ് തുടങ്ങിയവരില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് പുരോഹിത് സ്‌ഫോടനങ്ങള്‍ നടത്താനായി സര്‍ക്കാറിന്റെ പണംതന്നെ വിനിയോഗിച്ചതായും കശ്മീര്‍ തീവ്രവാദികളില്‍നിന്ന് കണ്ടെടുത്ത ആര്‍.ഡി.എക്‌സും മറ്റ് ആയുധങ്ങളും മുസ്ലിം യുവാക്കളെ ഉപയോഗിച്ച് കടത്തിയതായും കണ്ടത്തെിയിരുന്നു. മഹാരാഷ്ട്രയിലെ സൈനിക സ്‌കൂളുകളില്‍ രഹസ്യമായി ബോംബ് നിര്‍മിക്കുന്നതിനും സ്‌ഫോടനം നടത്തുന്നതിനും പരിശീലനം നല്‍കിയതായും കണ്ടത്തെിയിരുന്നു. 2008ലെ മുംബൈ ആക്രമണത്തിനിടെ കര്‍ക്കറെ വെടിയേറ്റ് മരിച്ചതോടെ ആ കണ്ടത്തെലുകളും വിസ്മൃതിയിലാവുകയാണ് ചെയ്തത്. മുംബൈ ആക്രമണത്തിനിടെയുണ്ടായ കര്‍ക്കറെയുടെ മരണവും ഏറെ ദുരൂഹത ഉണര്‍ത്തുന്നതായിരുന്നു.

