ആന്ധ്രപ്രദേശിലെ ക്വാറിയില്‍ സ്ഫോടനം; 10 തൊഴിലാളികള്‍ മരിച്ചു

Update: 2021-05-08 08:19 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. പാറകള്‍ പൊട്ടിക്കാന്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും റിപോര്‍ട്ടുകളുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തൊഴിലാളികള്‍ ഗ്രാനൈറ്റില്‍ തുരക്കുന്നതിനിടെയാണ് ദുരന്തം. ശനിയാഴ്ച രാവിലെ കലാസപാട് ബ്ലോക്കിലെ മാമിലപ്പള്ളെ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരെല്ലാം ക്വാറി തൊഴിലാളികളാണ്.

    ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് കടപ്പ ജില്ലാ പോലിസ് സൂപ്രണ്ട് കെ അന്‍ബുരാജ വാര്‍ത്താഏജന്‍സിയെ അറിയിച്ചു. ലൈസന്‍സുള്ള ക്വാറിയാണെന്നും സര്‍ട്ടിഫൈഡ് ഓപറേറ്ററാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ക്വാറിയില്‍ ഡിറ്റോണേറ്ററുകള്‍ മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് പൊരുമമില്ല പോലിസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

    കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജന്മഗ്രാമമായ പുലിവെന്‍ഡുലയില്‍ നിന്നുള്ളവരാണെന്ന് കരുതപ്പെടുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായി. അതേസമയം, അപകടത്തില്‍ തൊഴിലാളികളുടെ മരണത്തില്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. അപകടകാരണത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഫോടനബാധിതരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

Tags: