നിപ ബാധിതന്റെ രക്തസാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും
വൈറസ് സാന്നിധ്യം പൂര്‍ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പരിശോധന നടത്തുന്നത്. മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്.
കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും. വൈറസ് സാന്നിധ്യം പൂര്‍ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പരിശോധന നടത്തുന്നത്. മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകരമായിരിക്കും തുടര്‍നടപടികള്‍.
നിപ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് ആരോഗ്യ നില വേഗത്തില്‍ വീണ്ടെടുക്കുന്നുവെന്ന ആശ്വാസകരമായ വിവരങ്ങളാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയില്‍ കഴിക്കുന്നതടക്കം ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റര്‍ മെഡിസ്റ്റിയിലെ ഡോക്ടര്‍ ബോബി വര്‍ക്കി വ്യക്തമാക്കുന്നത്.
വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.