കശ്മീര്‍ പ്രശ്‌നത്തിന് ഉത്തരവാദി നെഹ്‌റുവെന്ന് അമിത് ഷാ, ലോക്‌സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

കോണ്‍ഗ്രസിന്റെ അധികാര കാലയളവില്‍ ജമ്മു കശ്മീരിലെ ക്രമസമാധാനപാലനം താരതമ്യേന കുറവായിരുന്നുവെന്നും ഇത്രയധികം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനീഷ് തിവാരി പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2019-06-28 10:52 GMT

ന്യൂഡല്‍ഹി: കശ്മീര്‍ സംവരണ ഭേദഗതി ബില്‍ അവതരണത്തിനിടെ ലോക്‌സഭ ബഹളമയമായി. ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നും കശ്മീര്‍ പ്രശ്‌നം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സൃഷ്ടിയാണെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെതുടര്‍ന്നാണ് പ്രതിപക്ഷം ബഹളംവച്ചത്. കശ്മീര്‍ സംവരണ ഭേദഗതി ബില്ലിനൊപ്പം ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടാനുള്ള പ്രമേയവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

ഇരു പ്രമേയങ്ങള്‍ക്കുമെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച മനീഷ് തിവാരി സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ അധികാര കാലയളവില്‍ ജമ്മു കശ്മീരിലെ ക്രമസമാധാനപാലനം താരതമ്യേന കുറവായിരുന്നുവെന്നും ഇത്രയധികം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനീഷ് തിവാരി പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എത്രയും പെട്ടന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും പിഡിപി-ബിജെപി സഖ്യ സര്‍ക്കാരാണ് ഈ പ്രശ്ങ്ങള്‍ക്കെല്ലാം ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടി പ്രസംഗവുമായെത്തിയ അമിത് ഷാ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരേ ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ചരിത്രത്തെ കൂട്ട് പിടിക്കുമെങ്കില്‍ താനും ചരിത്രത്തില്‍ നിന്ന് തന്നെ കാര്യങ്ങള്‍ പറയാം എന്ന് പറഞ്ഞാണ് അമിത് ഷാ വിമര്‍ശനം ആരംഭിച്ചത്.ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് അമിത് ഷാ പറഞ്ഞത്.

നെഹ്‌റുവിന്റെ തെറ്റ് ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലും ജമ്മുകശ്മീരിന്റെ കാര്യത്തില്‍ നെഹ്‌റു വിശ്വാസത്തിലെടുത്തില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് സഭയില്‍ ബഹളത്തിന് കാരണമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിനിടെ ബഹളംവച്ച പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു.

Tags: