രാജ്യത്ത് 'ഓക്‌സിജന്‍ ദുരന്തം' തുടരുന്നു; കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 24 കൊവിഡ് രോഗികള്‍

Update: 2021-05-03 09:37 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ചാമരാജനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രണവായു കിട്ടാത്തത് മൂലം ഞായറാഴ്ച 24 കൊവിഡ് രോഗികളാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 144 കൊവിഡ് രോഗികളെങ്കിലും ഈ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ചാമരാജനഗര്‍ ജില്ലയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചതായും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്റെ കുട്ടി 75 ശതമാനം സുഖം പ്രാപിച്ചിരുന്നു.

ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു- മരണപ്പെട്ടയാളുടെ ബന്ധു ലോകേഷ് പറഞ്ഞു. അര്‍ധരാത്രിയില്‍ തനിക്ക് സഹോദരനില്‍നിന്ന് ഒരു ദു:ഖവാര്‍ത്ത ലഭിച്ചു. ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് 12 മണിയോടെ അദ്ദേഹം എന്നെ വിളിച്ചു. നിങ്ങള്‍ക്ക് എന്തുചെയ്യാനാവുമെന്ന് ദയവായി നോക്കൂ. ഞങ്ങള്‍ ഉടന്‍ ഇവിടെയെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഞങ്ങള്‍ വീണ്ടും ചെന്ന് വിളിച്ചപ്പോള്‍ സഹോദരന്റെ മറുപടിയൊന്നുമുണ്ടായില്ല. അതിനര്‍ഥം ഓക്‌സിജന്‍ കിട്ടാതെ അദ്ദേഹം മരിച്ചുവെന്നാണ്- മറ്റൊരു ബന്ധു രാജന പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിവയോഗി കലാസാദിനെ നിയമിച്ചിട്ടുണ്ട്.

മരണകാരണങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് മൂന്ന് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. അതേസമയം, ഇക്കാര്യം അന്വേഷിച്ച് തുടര്‍നടപടികള്‍ക്കായി സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ ബോമ്മൈ ഡയറക്ടര്‍ ഡിജിപിയോടും ഐജിയോടും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി ചാമരാജനഗര്‍ ജില്ലയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് മാധ്യമങ്ങള്‍ അറിയിച്ചപ്പോള്‍ ഞാന്‍തന്നെ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എം ആര്‍ രവിയുമായി ബന്ധപ്പെട്ടതായി മൈസൂരു എംപി പ്രതാപ് സിന്‍ഹ പറഞ്ഞു. തുടര്‍ന്ന് ചുമതലയുള്ള എഡിസിയുമായി കോണ്‍ഫറന്‍സ് കോള്‍ ചെയ്തു. രാത്രിയില്‍തന്നെ ഞാന്‍ സതേണ്‍ ഗ്യാസുമായി ബന്ധപ്പെടുകയും അവര്‍ 15 സിലിണ്ടറുകള്‍ നല്‍കുകയും ചെയ്തു. അതിനുമുമ്പും ഞങ്ങള്‍ ക്വാട്ടയില്‍നിന്ന് നല്‍കിയിരുന്നു. ഇതൊക്കെയാണെങ്കിലും ദു:ഖകരമായ സംഭവമുണ്ടായി. അവരുടെ ദു:ഖത്തില്‍ ഞങ്ങളും ഭാഗമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News