യുവാവിനെ സുരക്ഷാസേന ആളുമാറി വെടിവച്ചുകൊന്ന സംഭവം; നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു; സൈനികനടക്കം 13 പേര്‍ കൊല്ലപ്പെട്ടു
മോണ്‍: നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന ആളുതെറ്റി യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. പ്രക്ഷുബ്ദരായ ഗ്രാമീണര്‍ സുരക്ഷാസേനയുടെ ഏതാനും വാഹനങ്ങള്‍ കത്തിച്ചു. സുരക്ഷാസേന തിരിച്ചുവെടിവച്ചു. സംഘര്‍ഷത്തില്‍ ഒരു സൈനികനും ഏതാനും പ്രദേശവാസികളും മരിച്ചിട്ടുണ്ട്. 13 പേര്‍ മരിച്ചെന്നാണ് ഒരു റിപോര്‍ട്ട്.
അതിര്‍ത്തിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ജനങ്ങള്‍ സമാധാനമായിരിക്കണമെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു.
''മോണ്‍, ഓട്ടിങ്ങില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയത് നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു''- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സായുധരാണെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഖനിയില്‍ പോയി മടങ്ങിവരികയായിരുന്ന യുവാവ് കൊല്ലപ്പെട്ടത്. മരണവാര്‍ത്ത അറിഞ്ഞതോടെ ഗ്രാമീണര്‍ പ്രകോപിതരായി സുരക്ഷാസേനയെ ആക്രമിച്ചു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സൈന്യം തിരിച്ചുവെടിവച്ചു. ആ വെടിവയ്പിലാണ് 13 പേര്‍ മരിച്ചത്. പലര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. ഈ സംഘര്‍ഷത്തിലാണ് സൈനികന്‍ മരിച്ചത്.
