നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കട്രി: ദി നമ്പി ഇഫക്ട്' അണിയറയില്‍ ഒരുങ്ങുന്നു

Update: 2018-11-23 15:54 GMT

കോഴിക്കോട്: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്ന മാധവന്‍ തന്നെയാണ് സിനിമയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. സിനിമയുടെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു. നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രിം കോടതിവിധി വരുന്നതിനും മുമ്പേ ചിത്രം പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതി ല്‍ ചില കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം, ചിലത് കേട്ടിട്ടുണ്ടാകില്ല. എന്നാല്‍, ചില കഥകള്‍ കേള്‍ക്കാതിരുന്നാല്‍ രാജ്യത്തെക്കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമേ നിങ്ങള്‍ക്കുള്ളൂ എന്നാണ് അതിന് അര്‍ഥം. അത്തരത്തില്‍ ഒരു കഥയാണ് നമ്പി നാരായണന്റേത്.

അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാ ല്‍ നിങ്ങള്‍ക്ക് നിശ്ശബ്ദനാവാന്‍ കഴിയില്ല. അറിയുമെന്ന് കരുതുന്നവര്‍ക്കും റോക്കട്രി: ദി നമ്പി ഇഫക്ട് ഒരു തിരിച്ചറിവായിരിക്കും- ചിത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ടുള്ള വീഡിയോയില്‍ മാധവന്‍ വ്യക്തമാക്കി.