ഭീഷണി മൂലം ഇന്ത്യവിട്ട സാമൂഹികപ്രവര്‍ത്തകയ്ക്ക് ഉന്നത മനുഷ്യാവകാശ പുരസ്‌കാരം

Update: 2018-10-05 07:14 GMT


ലണ്ടന്‍: വടക്കുകിഴക്കന്‍ ഇന്ത്യയിലെ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിനലക്ഷ്മി നെപ്രാമിന് മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം. റീച്ച് ആള്‍ വിമന്‍ ഇന്‍ വാര്‍(റോ ഇന്‍ വാര്‍) അന്ന പോളിത്‌കോവ്‌സ്‌കായ പുരസ്‌കാരത്തിനാണ് നെപ്രാം അര്‍ഹമായത്. നൊബേല്‍ ജേതാവും ബെലാറസിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലേന അലക്‌സിവിച്ചാണ് പുരസ്‌കാരം നേടിയ മറ്റൊരു വനിത.

തങ്ങളുടെ മേഖലകളില്‍ നടക്കുന്ന സായുധ സംഘര്‍ഷങ്ങളില്‍ നടക്കുന്ന അനീതി, അക്രമം തുടങ്ങിയവയെ എതിര്‍ക്കുകയും തുറന്നുപറയുകയും ചെയ്യുന്ന വനിതകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കുന്നതെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടനയായ റോ ഇന്‍ വാര്‍ അറിയിച്ചു.

അവാര്‍ഡിന് അര്‍ഹരായ രണ്ടു പേരും വധഭീഷണിയെ തുടര്‍ന്ന് മാതൃരാജ്യം വിട്ടവരാണ്. സുരക്ഷാ ഭീഷണി കാരണം ഒരു വര്‍ഷം മുമ്പ് ഇന്ത്യ വിട്ട നെപ്രാം ഇപ്പോള്‍ അമേരിക്കയിലാണ്.

നേരത്തേ ഓക്‌സ്ഫാമിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിനലക്ഷ്മി നെപ്രാം 2004ല്‍ കണ്‍ട്രോള്‍ ആംസ് ഫൗണ്ടേഷന്‍ ഇന്ത്യ(സിഎഎഫ്‌ഐ)യുടെ രൂപീകരണത്തിലും പങ്ക് വഹിച്ചിരുന്നു. നിരായൂധീകരണത്തിനു വേണ്ടിയും സൈനികവല്‍ക്കരണത്തിനെതിരേയും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് അവര്‍ മണിപ്പൂര്‍ ഗണ്‍ സര്‍വൈവേഴ്‌സ് നെറ്റ്‌വര്‍ക്ക് രൂപീകരിച്ചത്. പതിറ്റാണ്ടുകളായി മണിപ്പൂരില്‍ നടക്കുന്ന സായുധ, വംശീയ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന 20,000ഓളം സ്ത്രീകള്‍ക്ക് ഈ സംഘടന സഹായം നല്‍കിയിരുന്നു.

സംഘര്‍ഷത്തില്‍ പിതാവോ ഭര്‍ത്താവോ മക്കളോ നഷ്ടപ്പെടുന്ന സ്ത്രീകളെ സഹായിച്ചു തുടങ്ങിയ സംഘടന പിന്നീട് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാവുന്നവര്‍ക്കും താങ്ങായി മാറി.

സഹ അവാര്‍ഡ് ജേതാവായ അലക്‌സിവിച്ചിന് 2015ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചത്. രണ്ടാം ലോകയുദ്ധകാലത്തെ സോവിയറ്റ് വനിതകളുടെ ജീവിതം, ചെര്‍ണോബില്‍ ദുരന്തത്തിന്റെ പ്രത്യാഘാതം, അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം എന്നിവ പ്രമേയമാക്കിയുള്ള എഴുത്തിനായിരുന്നു പുരസ്‌കാരം. ബെലാറസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിക്കേണ്ടി വന്ന അവര്‍ 2011ലാണ് നാട്ടിലേക്ക് മടങ്ങിയത്.

രാജ്യത്തെ അഴിമതിയും ചെച്്‌നിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഭരണകൂട അതിക്രമങ്ങളും പുറത്തുകൊണ്ടുവന്ന റഷ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പോളിത്‌കോവ്‌സ്‌കായ കൊല്ലപ്പെട്ടതിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

Similar News