ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് സുപ്രിംകോടതി

Update: 2017-10-28 16:16 GMT


ന്യൂഡല്‍ഹി: പൂര്‍ണ വളര്‍ച്ച എത്താത്ത സ്വന്തം ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്നും അതിനുള്ള അവകാശം സ്ത്രീക്കുണ്ടെന്നും സുപ്രിംകോടതി. തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് യുവതിയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് നല്‍കിയ ഹരജി തള്ളികൊണ്ടാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച്  ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ചത് നിയമവിരുദ്ധമാണെന്നും യുവതിയും അവരുടെ വീട്ടുകാരും ഗര്‍ഭചിദ്രത്തിനു നേതൃത്വം നല്‍കിയ ഡോക്ടറും തനിക്കു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേസ് പഞ്ചാബ് ഹരിയാനാ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഗര്‍ഭം അലസിപ്പിക്കലും ഗര്‍ഭം ധരിക്കലും സ്ത്രീകളുടെ സവിശേഷാധികാരത്തില്‍പ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഭര്‍ത്താവിന്റെ ഹരജി തള്ളിയത്.
അവിശുദ്ധ ബന്ധത്തിലുണ്ടായ ഗര്‍ഭം അലസിപ്പിക്കാനുള്ള യുവതിയുടെ തീരുമാനം ശരിയാണ്. ഗര്‍ഭം അലസിപ്പിക്കുന്നതുകൊണ്ട് ദമ്പതികള്‍ക്കിടയിലെ ബന്ധം വഷളാവില്ല. ഗര്‍ഭചിദ്ര നിയമപ്രകാരം ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം ആവശ്യമില്ല. യുവതി ഒരമ്മയും പ്രായപൂര്‍ത്തി തികഞ്ഞവളുമാണ്. തനിക്കു ഗര്‍ഭിണി ആവേണ്ടെന്ന് അവള്‍ തീരുമാനിച്ചാല്‍ അത് തടയാന്‍ ആര്‍ക്കു കഴിയുമന്നും ചീഫ്ജസ്റ്റിസ് ചോദിച്ചു.
994ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് തൊട്ടടുത്തവര്‍ഷം തന്നെ കുഞ്ഞു പിറന്നു. 1999ല്‍ ദമ്പതികള്‍ അകലുകയും യുവതിയും മകനും അവളുടെ വീട്ടില്‍ തമാസമാക്കുകയുംചെയ്തു. 2002ല്‍ ദമ്പതികള്‍ വീണ്ടും ഒന്നിക്കുകയും അടുത്തവര്‍ഷം അവള്‍ വീണ്ടും ഗര്‍ഭിണിയാവുകയുംചെയ്തു. എന്നാല്‍, ഇതിനിടെ വീണ്ടും ദമ്പതികള്‍ അകന്നതോടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ ഗര്‍ഭം ആവശ്യമില്ലെന്നു പറഞ്ഞ് അലസിപ്പിക്കുകയായിരുന്നു യുവതി. ഇതേതുടര്‍ന്ന് തനിക്കു മാനസിക വിഷമവും വേദനയും ഉണ്ടാക്കിയതിനു 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഈ ഹരജിയെ യുവതിയും വീട്ടുകാരും  ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. ഹരജിക്കാര്‍ക്ക് 25,000 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടു യുവതിയുടെ നിലപാട് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Tags:    

Similar News