കഞ്ചാവ് വില്‍പ്പന: കൗണ്‍സിലറുടെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Update: 2015-09-09 09:04 GMT
മരട്: കുമ്പളം, പനങ്ങാട്, മരട് പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായതോടെ മരട് പ്രദേശത്ത് പോലിസ് നടത്തിയ റെയിഡില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് കൗണ്‍സിലറുടെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകമാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പത്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി 3 പേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം ഇവരെ മരട് പോലിസിന് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാക്കളും കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരാണ് കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും വില്‍പ്പനയിലും ഉപയോഗത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ കഞ്ചാവ് മാഫിയകളുടെ മര്‍ദ്ദനമേറ്റ രണ്ട് യുവാക്കളെ ചോദ്യം ചെയ്യാന്‍ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നത് ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ശകാരിച്ചിരുന്നു. ഇതിന് ശേഷം ചില യുവാക്കളെ പോലിസ് പിടികൂടുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മരടിലെ മുന്‍ കൗണ്‍സിലറുടെയും നിലവിലുള്ള കൗണ്‍സിലറുടെയും മക്കള്‍ പോലിസിന്റെ പിടിയിലായിരുന്നു. ഇതിന്റെ പിന്നാലെ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും മറ്റും നടത്തുകയും ചെയ്തു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്ല്യവും വര്‍ധിച്ചിരുന്നു. പോലിസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം പലപ്പോഴും ഉയരുന്നുണ്ട്.

Similar News