ചെറിയാന് വേണ്ടത് ഒരു ഫേസ് ബുക് എഡിറ്റര്‍ : ഒ കെ ജോണി

Update: 2015-10-20 12:17 GMT
കോഴിക്കോട് : ചെറിയാന്‍ ഫിലിപ്പിന് അടിയന്തിരമായി അദ്ദേഹത്തിന്റെ ഫേസ് ബുക് പേജിന് ഒരു എഡിറ്ററാണ് ആവശ്യമെന്ന് ചലച്ചിത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഒ കെ ജോണി. ആ ജോലി അറിയാവുന്നആരെങ്കിലും ചെറിയാനെ സഹായിച്ചില്ലെങ്കില്‍ അദ്ദേഹം സരിതാ നായരെപ്പോലെ കേരളത്തെ ഞെട്ടിക്കുകയോ, അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ ചെയ്‌തേക്കുമോ എന്നാണ് തന്റെ പേടിയെന്നും ജോണി തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

[caption id="attachment_12302" data-align="alignleft" data-width="150"]
ഒ കെ ജോണി[/caption]

കോണ്‍ഗ്രസിലെ വനിതകളെ അവഹേളിക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാവുകയും ഇതേത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജോണിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം :

ചെറിയാന്‍ വെളിപ്പെടുത്തിയ നഗ്‌നസത്യങ്ങള്‍!
ഇടതുപക്ഷ സഹയാത്രികനെന്ന പദവി ഔദ്യോഗികമായി ചാര്‍ത്തിക്കിട്ടിയാലും ആ പഴയ യൂത്ത് കോണ്‍ഗ്രസ് സംസ്‌കാരം തേച്ചുകഴുകിക്കളയാനാവില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഈ ദിവസങ്ങളില്‍ മലയാളികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ പോരാളിയായി അഭിനയിക്കാന്‍ തുടങ്ങിയ ഈയടുത്ത കാലം വരെ താന്‍ കൂടി പങ്കാളിയായിരുന്ന ഒരു വലതുപക്ഷ പാര്‍ട്ടിയുടെ ജീര്‍ണ്ണത തുറന്നുകാട്ടാനെന്ന മട്ടില്‍ ചെറിയാന്‍ നടത്തിയ പ്രസ്താവന ഒരു വിഭാഗം സ്ത്രീകളെയല്ല, സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്നതായിരുന്നു. ആ വലിയ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പപേക്ഷിക്കുന്നതിന് പകരം പരോക്ഷമായിട്ടാണെങ്കിലും അതിനെ ന്യായീകരിക്കാന്‍ തുനിയുന്നതും അതില്‍ അഭിമാനിക്കുന്നതുമാണ് ചെറിയാന്‍ ആദ്യം പറഞ്ഞതിനേക്കാള്‍ വലിയ അശ്ലീലം.

പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകളെക്കുറിച്ച് മദ്യപാന സദസ്സുകളിലും മറ്റും ചില ആഭാസന്മാര്‍ പറയുന്നതരം അശ്ലീലം പറഞ്ഞ് ആരാധകരെ രസിപ്പിക്കാന്‍ ചെറിയാനെപ്പോലുള്ള രാഷ്ട്രീയോപജീവികള്‍ക്ക് മടിയില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും പേടിപ്പെടുത്തുന്നുണ്ട്. ചെറിയാന്റെ സ്ത്രീവിരുദ്ധ പ്രസ്താവന അവിവേകമായെന്നതിനാല്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെ, കക്ഷിവ്യത്യാസമില്ലാതെ അപലപിക്കുകയുമുണ്ടായി. അവരിലൊരാളാണ് ഇടതുപക്ഷ എം.പി.കൂടിയായ ടി.എന്‍. സീമ. സീമയുടെ വിമര്‍ശനത്തോടുള്ള അസഹിഷ്ണുത ഇന്ന് വീണ്ടും മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ ചെറിയാന്‍ പ്രകടിപ്പിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഡല്‍ഹിയിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ സീമ നിരാഹാരം തുടങ്ങുന്നത് നന്നായിരിക്കുമെന്നാണത്രെ, കേട്ടാല്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ചെറിയാന്റെ പ്രസ്താവന.

അഴിമതിക്കാരനല്ലെന്നതിനാല്‍ തെല്ല് സല്‍പ്പേരുണ്ടായിരുന്ന ചെറിയാനെപ്പോലുള്ള ഒരു മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന് ഇത്രത്തോളം അസഹിഷ്ണുതയും സാംസ്‌കാരിക നിരക്ഷരതയും സാമൂഹികവിരുദ്ധമനോഭാവവും പാടില്ലാത്തതാണ്. ചെറിയാന് അടിയന്തിരമായി വേണ്ടത് സാമൂഹിക സാക്ഷരതയാണെങ്കിലും അദ്ദേഹത്തിന്റെ ഫേസ് ബുക് പേജിന് ഒരു എഡിറ്ററാണ് അതിനേക്കാള്‍ അത്യാവശ്യം. ആ ജോലി അറിയാവുന്നആരെങ്കിലും ചെറിയാനെ സഹായിച്ചില്ലെങ്കില്‍ അദ്ദേഹം സരിതാ നായരെപ്പോലെ കേരളത്തെ ഞെട്ടിക്കുകയോ, അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ ചെയ്‌തേക്കുമോ എന്നാണ് എന്റെ പേടി. ചാണ്ടിസാറും കൂട്ടരും കനിഞ്ഞതിനാല്‍ രണ്ടും മലയാളികള്‍ക്ക് വേണ്ടതിലേറെയായിക്കഴിഞ്ഞുവല്ലോ.

ദേശാഭിമാനികൈരളി എഡിറ്റര്‍മാരുടെ സത്വര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ചെറിയാന്‍തന്നെ ഒരു മാദ്ധ്യമസൃഷ്ടിയല്ലേ എന്ന് തിരിച്ചുചോദിക്കുകയില്ലെന്ന പ്രത്യശയോടെ

ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ :

ചെറിയാന്‍ വെളിപ്പെടുത്തിയ നഗ്നസത്യങ്ങള്‍!
-----------------------------------------
ഇടതുപക്ഷ സഹയാത്രികനെന്ന പദവി ഔ...
Posted by Johnny Ok on Tuesday, October 20, 2015


Tags:    

Similar News