Idukki local

ഇടമലക്കുടി: ജലസമൃദ്ധിക്കു നടുവിലും ഇടമലക്കുടിയില്‍ കുടിവെള്ളമില്ല. പേരുപോലെ തന്നെ നാല് മലകള്‍ക്കിടയിലായി 106 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇടമലക്കുടി ഭൂപ്രദേശം ഏറെ ജലസമൃദ്ധമാണ്.
പ്രധാന നദികളായ മണലിയാര്‍, ഇഡലിയാര്‍ കൂടാതെ മാങ്കടവ് തോട്, വൈക്കാട്ട് തോട്, ഇലതിരിയന്‍ തോട്, മീന്‍കുത്തിയാര്‍, കുളയ്ക്കല്‍ തോട് എന്നിവയും ഇടമലക്കുടിയെ ജലസംപുഷ്ടമാക്കുന്നു. എങ്കിലും കുടികളില്‍ ആദിവാസികള്‍ക്ക് ശുദ്ധജലം ലഭിക്കണമെങ്കില്‍ ചതുപ്പിലെ ചെറു കുളങ്ങളെയോ, കാട്ടരുവികളെയോ ആശ്രയിക്കണം. പട്ടികവര്‍ഗ വികസന വകുപ്പിന്റെ പല കുടിവെള്ള പദ്ധതികളും മുന്‍ വര്‍ഷങ്ങളില്‍ പദ്ധതി രേഖകളില്‍ ഇടം നേടിയെങ്കിലും പിന്നീട് പ്രാവര്‍ത്തികമായില്ല.
ശുദ്ധജലം തേടി രണ്ടും മൂന്നും കിലോമീറ്ററുകള്‍ താണ്ടി അടുത്ത കുടികളിലെത്തിയാണ് ആദിവാസികള്‍ വെള്ളം ശേഖരിക്കുന്നത്.
2010ല്‍ പഞ്ചായത്ത് നിലവില്‍ വന്നശേഷം 2014-15 വാര്‍ഷിക പദ്ധതിയില്‍ മാത്രമാണ് കുടിവെള്ളത്തിനായി തുക നീക്കിവച്ചത്. ഇഡലിപ്പാറക്കുടിയിലെ കിണര്‍ നവീകരണത്തിനായി അന്‍പതിനായിരം രൂപ ചെലവഴിച്ചതായി കണക്കുകള്‍ പറയുമ്പോഴും കാര്യമായ പ്രയോജനം കണ്ടില്ല. ജലനിധി പദ്ധതിയുടെ പേരില്‍ മുഴുവന്‍ കുടികളിലും ശുദ്ധജലമെത്തിക്കുമെന്ന് വന്‍ പ്രചരണം നടന്നു വരുന്നു. 13 കോടി ജലവിഭവ വകുപ്പ് ഇതിനായി നീക്കി വച്ചിട്ടുണ്ട്. കിലോ മീറ്ററുകള്‍ ദൂരത്തില്‍ പൈപ്പുകള്‍ ഇടുന്നതിനായി സര്‍വേയും നടക്കുന്നുണ്ട്.
മൂവാറ്റുപുഴ കേന്ദ്രമായ ദീനദയാല്‍ സൊസൈറ്റി കഴിഞ്ഞ ഒന്നര വര്‍ഷമായി സര്‍വേ നടത്തുന്നുണ്ടെങ്കിലും ആറു കുടികളില്‍ മാത്രമാണ് ഇതുവരെ സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 28 കുടികളിലായി 14 ഗുണഭോക്തൃ സമിതികള്‍ രൂപീകരിച്ച് വെള്ളം എത്തിച്ചുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ ജില്ലയിലെ പല വികസിതമായ പഞ്ചായത്തുകളില്‍പ്പോലും ജലനിധി പദ്ധതിക്ക് ലക്ഷ്യം കാണാനായിട്ടില്ല. കടുത്ത വേനലില്‍പ്പോലും വറ്റാത്ത നീര്‍ച്ചാലുകളുള്ള ഇടമലക്കുടിയില്‍ തടയണകള്‍ കെട്ടി പൈപ്പു മാര്‍ഗം ആവശ്യാനുസരണം വെള്ളമെത്തിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ആദിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവൂ എന്ന് എംഎല്‍എ എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it