wayanad local

അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശനമേള 'പൂപ്പൊലി-2018' നാളെ മുതല്‍

കല്‍പ്പറ്റ: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായൊരുക്കുന്ന അന്തരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശനമേള 'പൂപ്പൊലി-2018' അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നാളെ തുടങ്ങും. 18 വരെ നീണ്ടുനില്‍ക്കുന്ന മേള രാവിലെ 10.30ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1400ല്‍ അധികം റോസ് ഇനങ്ങള്‍, ആയിരത്തി അഞ്ഞൂറോളം ഡാലിയ ഇനങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച അഞ്ഞൂറിലധികം ഓര്‍ക്കിഡുകള്‍, കള്ളിമുള്‍ച്ചെടികളുടെ വിപുലമായ ശേഖരം, അലങ്കാര ചെടികള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഈ വര്‍ഷത്തെ പൂപ്പൊലി. ഇവയ്‌ക്കൊപ്പം വിവിധതരം ശില്‍പങ്ങള്‍, കുട്ടികള്‍ക്കായുള്ള ഡ്രീം ഗാര്‍ഡന്‍, ഊഞ്ഞാല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, ഫുഡ് കോര്‍ട്ട്, വിവിധ മല്‍സരങ്ങള്‍ എന്നിവയും മേളയിലുണ്ട്. മുന്നൂറോളം സ്റ്റാളുകളാണ് ഒരിക്കിയിട്ടുള്ളത്. വിനോദത്തിനും വിജ്ഞാനത്തിനും പ്രധാന്യം നല്‍കി കൃഷിയും ടൂറിസവും കോര്‍ത്തിണക്കി നടക്കുന്ന മേളയുടെ ഭാഗമായി സെമിനാറുകള്‍, സിംപോസിയം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്തും. നാളെ രാവിലെ 10ന് ഘോഷയാത്രയോടെ മേള ആരംഭിക്കും. അഞ്ചുമുതല്‍ ഒമ്പതുവരെ വയനാട് കൃഷി വിജ്ഞാനകേന്ദ്രം സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാ വാരത്തില്‍ ഗവേഷകരും കാര്‍ഷിക-ആരോഗ്യമേഖലകളിലെ പ്രമുഖരും പങ്കെടുക്കും. സാങ്കേതികവിദ്യാ വാരം ഐസിഎആര്‍ സോണല്‍ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ ഡോ. ശ്രീനാഥ് ദീക്ഷിത് ഉദ്ഘാടനം ചെയ്യും. പൂക്കളുടെയും ഫലങ്ങളുടെയും പച്ചക്കറികളുടെയും കൃഷിരീതിയെക്കുറിച്ചുള്ള സെമിനാറുകളും വിവിധ കര്‍ഷകരുടെ വിജയകഥകളും അവതരിപ്പിക്കും. 12 മുതല്‍ 15 വരെ അന്തരാഷ്ട്ര ശാസ്ത്രീയ സിംപോസിയം നടത്തും. 'ഓര്‍ക്കിഡ്‌സ്, സ്‌ട്രോബറി, ചെറുഫലങ്ങള്‍, ചെറുപുഷ്പങ്ങള്‍' എന്ന വിഷയം കേന്ദ്രീകരിച്ചാണ് സിംപോസിയം. സമാപനസമ്മേളനം 15ന് വൈകീട്ട് ആറിന് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എആര്‍എസ് അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡോ. എന്‍ ഇ സഫിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it