31ന് നിലപാട് വ്യക്തമാക്കും: രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഈ മാസം 31നു നിലപാട് വ്യക്തമാക്കുമെന്നു തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്നുണ്ടെങ്കിലും ഇത് ആദ്യമായാണു നിലപാട് വ്യക്തമാക്കുന്നതിനായി ഒരു നിശ്ചിത തിയ്യതി താരം പ്രഖ്യാപിക്കുന്നത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നല്ല പറയുന്നതെന്നും തന്റെ നിലപാട് ഈമാസം 31ന് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രജനീകാന്ത് ആരാധകരുടെ പൊതുയോഗം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. താന്‍ മുമ്പ് “യുദ്ധം’ എന്ന് പരാമര്‍ശിച്ചത് തിരഞ്ഞെടുപ്പിനെയായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു. യുദ്ധം വരുമ്പോള്‍ അത് അഭിമുഖീകരിക്കാമെന്നു കഴിഞ്ഞ മെയ് മാസത്തില്‍ രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിനു പോയാല്‍ ജയിക്കണമെന്നും ജയിക്കാന്‍ ഒറ്റയ്ക്കു നിന്നു പൊരുതലല്ല തന്ത്രങ്ങളാണ് അത്യാവശ്യമെന്നും അന്നു രജനീകാന്ത് പറഞ്ഞിരുന്നു.
ജയലളിതയുടെ വിയോഗവും ഡിഎംകെ നേതാവ് എം കരുണാനിധി സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറിയതും കാരണം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രൂപപ്പെട്ട വിടവ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന സാധ്യത വര്‍ധിപ്പിക്കുന്നതായാണു വിലയിരുത്തപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it