കടയില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

തിരുവല്ല:  എംസി റോഡ് അരികിലെ കടയില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവും, 500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ലാണ് ഇവ പിടികൂടിയത്.
ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് ആലം(34) ആണ് അറസ്റ്റിലായത്.ഫ്രൂട്ട്‌സ്, ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന കടയുടെ മറവിലാണ് കഞ്ചാവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാപാരം നടത്തിയിരുന്നത്. ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവ തിരുവല്ലയില്‍ എത്തിക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചു.കടയില്‍ വാഹനത്തിന്റെ ട്യൂബില്‍ കഞ്ചാവ് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കയായിരുന്നു.
സംസ്ഥാനത്തൊട്ടാകെ ലഹരി മരുന്ന് വില്‍പ്പന  തടയുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്ന ഒരാളെ പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് മുഹമ്മദ് ആലത്തെ പിടികൂടാനായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ളയുടെ മേല്‍നോട്ടത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി രാജപ്പന്‍ റാവുത്തര്‍, എസ്‌ഐ ബി വിനോദ് കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളും എഎസ്‌ഐമാരായ അജി ശാമുവേല്‍, ഹരികുമാര്‍, വില്‍സണ്‍, സീനിയര്‍ സിപിഒ അജികുമാര്‍, സിപിഒമാരായ ഗോപകുമാര്‍, പി ബി ഹരിലാല്‍ റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top