സ്വവര്‍ഗ ലൈംഗികത: ക്രിമിനല്‍ക്കുറ്റമല്ലാതാക്കിയാല്‍ വിവേചനം അവസാനിക്കും; സുപ്രിംകോടതി നിരീക്ഷണം

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കുന്നത് അവസാനിച്ചാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും അവരെ അപമാനകരമായി കാണുന്നതുമടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെന്നു സുപ്രിംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ സ്വവര്‍ഗ ലൈംഗികബന്ധത്തെ ക്രിമിനല്‍ക്കുറ്റമാക്കുന്ന 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണു സുപ്രിം കോടതിയുടെ നിരീക്ഷണം.
തുടര്‍ച്ചയായ മൂന്നാം ദിവസമാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സ്വവര്‍ഗ ലൈംഗികത വഴിതെറ്റിപ്പോയി എത്തിപ്പെടുന്ന അവസ്ഥയല്ലെന്നും ഒരു വ്യത്യാസമാണെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ലഭ്യമാവുന്നില്ലെന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്നതായും കോടതി വിലയിരുത്തി.
വിവേചനം കാരണം ആശുപത്രികളെയോ, മറ്റ വൈദ്യസംവിധാനങ്ങളെയോ സമീപിക്കുന്നതില്‍ നിന്നു ലൈംഗിക ന്യൂനപക്ഷ വിഭാഗക്കാര്‍ വിട്ടുനില്‍ക്കുന്നു. തങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതു ലൈംഗിക ന്യൂനപക്ഷങ്ങളില്‍ പെട്ടവരെ ഇത്തരം ഇടങ്ങളില്‍ നിന്നു തടയുന്നു. സ്വവര്‍ഗ ലൈംഗികത പുലര്‍ത്തുന്നവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കാന്‍ സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടാവുന്നു. അവരെ ഉഭയലൈംഗിക ബന്ധം പുലര്‍ത്തുന്ന വ്യക്തിയാക്കി മാറ്റുന്നതിനാണ് ഇത്തരം സമ്മര്‍ദങ്ങള്‍ കാരണമാവുക. മാതാപിതാക്കളിലൊരാള്‍ സ്വവര്‍ഗ ലൈംഗിക താല്‍പര്യം പുലര്‍ത്തുന്ന വ്യക്തിയാണെന്നത് അവരുടെ കുട്ടികള്‍ മനസ്സിലാകുമ്പോഴുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സിലാക്കണമെന്നും ജസ്റ്റിസ് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.  മനുഷ്യരില്‍ മാത്രമല്ല സ്വവര്‍ഗ ലൈംഗിക ബന്ധമുള്ളത്. നിരവധി മൃഗങ്ങള്‍ക്കിടയിലും അവ നിലനില്‍ക്കുന്നതായും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു. മാനസികാരോഗ്യ നിയമത്തിലെ 21 എ വകുപ്പ് ലൈംഗിക താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിവേചനങ്ങളെക്കൂടി തടയുന്നതാണെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രഡൂഡ് അറിയിച്ചു. ലൈംഗികത വിവേചനത്തിനുള്ള കാരണമാവരുതെന്ന കാര്യം പാര്‍ലമെന്റും അംഗീകരിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it