Alappuzha local

പെരുന്തുരുത്ത്കരി പാടശേഖരത്തില്‍ രണ്ടാംകൃഷി അവതാളത്തില്‍



മണ്ണഞ്ചേരി: ആലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലുല്‍പ്പാദന കേന്ദ്രമെന്ന് അറിയപ്പെടുന്ന പെരുന്തുരുത്ത് കരി പാടശേഖരത്തിലെ രണ്ടാം കൃഷി വൈകുന്നു. പാടശേഖര നെല്ല് ഉല്‍പാദക സമിതിയുടെ കെടുകാര്യസ്ഥതയാണ് കാരണമെന്ന് ആക്ഷേപമുയര്‍ന്നു. 175 ഏക്കറോളം വിസ്തീര്‍ണമുള്ള ഈ പാടശേഖരത്തില്‍ വര്‍ഷത്തില്‍ രണ്ടു കൃഷി നടന്നിരുന്ന കാലമുണ്ടായിരുന്നു.ഒരു പതിറ്റാണ്ട് മുമ്പ് തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മണ്ണഞ്ചേരിയിലെ പെരുന്തുരുത്ത് കരിയില്‍ ഇപ്പോള്‍ ഒരു കൃഷി തന്നെ വല്ലപ്പോഴുമാണ് നടക്കുന്നത്. അനവസരത്തിലെ കൃഷി നഷ്ടത്തിലാണ് കലാശിക്കുന്നത്. ഇതുമൂലം നിലം ഉടമകളായ കര്‍ഷകര്‍ കൃഷിയിറക്കാന്‍ മുന്നോട്ട് വരുന്നില്ല. പാട്ട കൃഷിക്കാരെ കൊണ്ടുവന്ന് കൃഷിയിറക്കുന്ന രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നുവരുന്നത്. പാട്ടം വ്യവസ്ഥയ്ക്ക് നിലം നല്‍കുന്ന ഉടമയ്ക്കാകട്ടെ സെന്റിന് 30 രൂപയാണ് ലഭിക്കുന്നത്. മാരകമായ കീടനാശിനി ഉപയോഗിച്ചാണ് പാട്ടകരാറുകാര്‍ കൃഷി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. രണ്ടു നെല്‍കൃഷിയ്ക്കും ഹ്രസ്വകാല എള്ള്,വാഴ,പച്ചക്കറി എന്നിവയ്ക്കും അനുയോജ്യമായ പാടശേഖരം കൂടിയാണിത്.ഉല്‍പാദന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുക്കാന്‍ കഴിയുന്ന ഈ നെല്‍പ്പാടം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പാടശേഖര സമിതിയ്ക്ക് കഴിയുന്നില്ല. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പാടശേഖരം ഉപ്പുവെള്ളത്തിന്റെ വരവിന് മുമ്പായി കാര്‍ഷിക കലണ്ടര്‍ നിര്‍ണയിച്ച് കൃഷിയറക്കിയാല്‍ അത് നൂറുകണക്കിന് വരുന്ന കര്‍ഷകര്‍ക്കും ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് കിസാന്‍സഭ കാവുങ്കല്‍ മേഖല പ്രസിഡന്റ് ടി എ സിറാജുദ്ദീന്‍, സെക്രട്ടറി ടി എന്‍ സന്തോഷ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി പി ചിദംബരന്‍ എന്നിവര്‍ പറഞ്ഞു. തൃതല പഞ്ചായത്ത് അനുവദിച്ച പദ്ധതി തുക വിനയോഗിച്ച് നടുച്ചാല്‍ ആഴം കൂട്ടി തോടിന്റെ ഇരുവശങ്ങളും ബലപ്പെടുത്തി ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കണം. അടുത്തമാസം ആദ്യ വാരത്തോടെ വിതച്ചാല്‍ ഓണത്തിന് വിളവെടുക്കാന്‍ കഴിയും. വര്‍ഷത്തില്‍ രണ്ടു കൃഷിയറക്കാന്‍ സംവിധാനമുണ്ടാക്കിയാല്‍ ഉദ്ദേശം 8000 ക്വിന്റല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാനാകും. പാടശേഖരത്തിന് ചുറ്റുമുള്ള നിരവധി ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ വൈക്കോലും ലഭിക്കും. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടുച്ചാലിന്റെ ഇരു കരകളിലുമായി ആയിരക്കണക്കിന് വാഴകള്‍ നട്ടുപിടിപ്പിച്ചാല്‍ ലക്ഷങ്ങളുടെ വരുമാനവും നിരവധിപേര്‍ക്ക് തൊഴിലും ലഭിക്കുമെന്ന് കിസാന്‍സഭ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടി സര്‍ക്കാര്‍ എല്ലാവിധ സഹായവും ഒരുക്കിയിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ തയ്യാറാവാത്ത പാടശേഖര സമിതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. എല്ലാവിധ അനുകൂല സാഹചര്യമുണ്ടായിട്ടും കൃഷിയിറക്കാന്‍ കഴിയാത്തതിന്റെ കാരണം പൊതുയോഗം വിളിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പാടശേഖര സമിതിയോട് പഞ്ചായത്ത് നിര്‍ദേശിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it