ഗൗരിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് പിതാവ്‌

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പിതാവ് പ്രസന്നന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്തയച്ചെന്നും പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രസന്നന്‍ പറഞ്ഞു. അതേസമയം ഗൗരി ജീവനൊടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ അധികൃതര്‍ തിരിച്ചെടുത്തു. തിരിച്ചെത്തിയവര്‍ക്കു സ്‌കൂള്‍ മാനേജ്‌മെന്റ് ആവേശകരമായ വരവേല്‍പ് നല്‍കി. കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുക്കല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് മധുരം വിളമ്പിയാണ് ആഘോഷമാക്കിയത്. തന്റെ മകളെ കൊന്നതിന്റെ ആഘോഷമാണു സ്‌കൂളില്‍ നടന്നതെന്നും പ്രസന്നന്‍ ആരോപിച്ചു. തിരിച്ചെടുത്ത അധ്യാപികമാരെ പിരിച്ചു വിടണമെന്നും നീതി കിട്ടാന്‍ താനും കുടുംബവും നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒക്‌ടോബറിലാണ് ഗൗരി നേഹ അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്നു സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതോടെ ആരോപണ വിധേയരായ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ സഭ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ടും ജില്ലാ ഭരണകൂടത്തിന് ഇതു വരെ കൈമാറിയിട്ടില്ല.
Next Story

RELATED STORIES

Share it