കുപ്രസിദ്ധ ഉദുവ ഹോളിഡേ റോബേഴ്‌സ് സംഘാംഗം അറസ്റ്റില്‍

ചാലക്കുടി: ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഇടശ്ശേരി ജ്വല്ലറി കൊള്ളയടിച്ച കുപ്രസിദ്ധ കൊള്ളസംഘം ഉദുവ ഹോളിഡേ റോബേഴ്‌സ് സംഘത്തിലെ ഒരാള്‍ കൂടി പോലിസ് പിടിയിലായി. കൊള്ളസംഘത്തിലെ പ്രധാനിയായ സാഹിബ്ഗഞ്ച് ജില്ലയിലെ ഉദുവ പലാഷ്ഗച്ചി സ്വദേശി ഇക്‌റാമുല്‍ ഷേക്ക് (42) എന്ന ഗറില്ലാ ഇക്‌റാമുല്‍ ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നു 1,44,000 രൂപയും ഇടശ്ശേരി ജ്വല്ലറിയുടെ മുദ്ര വച്ച രണ്ട് സ്വര്‍ണമോതിരങ്ങളും പോലിസ് കണ്ടെടുത്തു. ജനുവരി 27ന് രാത്രിയാണ് ചാലക്കുടി ടൗണിലെ ഇ ടി ദേവസ്സി ആന്റ് സണ്‍സ് ഇടശ്ശേരി ജ്വല്ലറിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയുമാണ് സംഘം കൊള്ളയടിച്ചത്.
ജ്വല്ലറി കവര്‍ച്ച അന്വേഷിക്കാനായി റേഞ്ച് ഐജി പി എം ആര്‍ അജിത് കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ കൊള്ളസംഘമാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ബിഹാര്‍ കത്തിഹാറില്‍ നടത്തിയ അന്വേഷണമാണ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ അശോക് ബാരികിലേക്ക് എത്തിയത്. കത്തിഹാറിലെ മംഗള്‍ ബസാറില്‍ നിന്ന് അന്വേഷണസംഘം അതിസാഹസികമായി ബാരികിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it