kozhikode local

ഏകദിന പൈതൃകം പുരാവസ്തു പ്രദര്‍ശനം

കോഴിക്കോട്: ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നൂറുകണക്കിന് അപൂര്‍വ പുരാവസ്തുക്കള്‍ ഉള്‍പ്പെടുത്തി നടത്തിയ ഏകദിന ‘പൈതൃകം’ പുരാവസ്തു പ്രദര്‍ശനം ശ്രദ്ദേയമായി. പ്രമുഖ പരിസ്ഥിതി  പ്രവര്‍ത്തകന്‍ റഷീദ് മക്കടയുടെ അപൂര്‍വ ശേഖരമാണ് പ്രദര്‍ശിപ്പിച്ചത്.
ആദ്യകാലങ്ങളില്‍ അളവ് തൂക്കങ്ങള്‍ക്കും വെളിച്ചത്തിനും ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, വിവിധ രാജ്യങ്ങളിലെ വിവിധ കാലഘട്ടങ്ങളിലെ അപൂര്‍വ നാണയങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിച്ചു. അളവ് തൂക്കത്തിന് ഉപയോഗിച്ചിരുന്ന മരത്തിന്റെയും ലോഹത്തിന്റെയും വെള്ളിക്കോല്‍, അതിന്റെ പരിഷ്‌ക്കരിച്ച രൂപമായ തട, പണ്ട് വിറക് തൂക്കാനുപോയഗിച്ച തുലാക്കല്ല,്  ധാന്യങ്ങള്‍ അളക്കാനുപയോഗിച്ച വിവിധ തരം പറകള്‍, എണ്ണ അളക്കാനുപോയോഗിച്ചിരുന്ന പാത്രങ്ങള്‍ എന്നിവയുടെ വലിയ ശേഖരം പ്രദര്‍ശനത്തിലുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് കൊണ്ട് വന്ന വിവിധ തരം പൂട്ടുകള്‍ സന്ദര്‍ശകരുടെ ശ്രദ്ധപിടിച്ച് പറ്റി. ടിപ്പു സുല്‍ത്താന്‍ കോഴിക്കോട്, ഫറോഖ് എന്നിവിടങ്ങളില്‍ നിന്ന് നിര്‍മിച്ച് പുറത്തിറക്കിയ നാണയങ്ങള്‍, തിരുവിതാങ്കൂര്‍ നാണയമായിരുന്ന ചക്രം, ചക്രം എണ്ണാന്‍ ഉപയോഗിച്ച പണപലക, ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച കറന്‍സി നോട്ട്, ടിപ്പുവിനെയും പഴശ്ശിരാജയെയും ആദരിച്ച്  ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ സ്മാരക നാണയങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് മാറ്റേകി.
തലശ്ശേരി മുസ്‌ലിം കുടുംബങ്ങളില്‍ നിസ്‌കാര കുപ്പായവും തസ്ബീഹ് മാലയും മറ്റും സൂക്ഷിച്ചിരുന്ന നിസ്‌കാരക്കൊട്ട, 1951ലെ തിരഞ്ഞെടുപ്പിലുപയോഗിച്ച ബാലറ്റ് ബോക്‌സ്, കുതിരവണ്ടികളില്‍ ഹോണായി ഉപയോഗിച്ചിരുന്ന ബള്‍ബോണ്‍, ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഗഌസ് വിളക്ക് എന്നിവയും പ്രദര്‍ശിപ്പിച്ചവയിലുണ്ട്. ഇപ്പോള്‍ നിലവിലുള്ളതും ഇല്ലാത്തതുമായ 56 മലയാള പത്രങ്ങളുടെ ശേഖരവും പ്രദര്‍ശനത്തെ പൊലിപ്പിച്ചു. കോഴിക്കോട് കക്കോടി മക്കട സ്വദേശിയായ റഷീദ്  15 വര്‍ഷം കൊണ്ട് സ്വന്തമാക്കിയ ശേഖരമാണ് ഇവ.
Next Story

RELATED STORIES

Share it