ആസിഡ് ആക്രമണംആറുപേര്‍ക്കു പരിക്ക്‌

കൊല്‍ക്കത്ത: അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കൊല്‍ക്കത്തയിലെ പണ്ഡിറ്റ് റോഡില്‍ കാറില്‍ സഞ്ചരിച്ചവരാണ് ആസിഡ് ആക്രമണം നടത്തിയതെന്നു പോലിസ് പറഞ്ഞു.
കഴിഞ്ഞ രാത്രി 9.30ഓടെയാണ് സംഭവം. ടാക്‌സി കാറിലെത്തി ആക്രമണം നടത്തിയവരെ പിടികൂടാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു.
പ്രത്യേക വ്യക്തികളെ ഉന്നം വയ്ക്കാതെയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നു പോലിസ് പറഞ്ഞു. ടാക്‌സി പിടികൂടിയതായി കൊല്‍ക്കത്ത പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ മീരജ് ഖാലിദ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍ റിക്കി മോണ്ടാലിനെ കണ്ടെത്താനായി ശ്രമം ആരംഭിച്ചു. കാലിഘട്ട് പ്രദേശത്ത് പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി.
നാലോ അഞ്ചോ പുരുഷന്‍മാര്‍ കാറിലുണ്ടായിരുന്നതായി കണ്ടുനിന്നവര്‍ പോലിസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും പോലിസ് പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികളെ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുകയാണ്. പ്രാഥമിക ചികില്‍സയ്ക്കു ശേഷം പരിക്കേറ്റവരെ വിട്ടയച്ചു.
പ്രതികള്‍ എറിഞ്ഞ രാസവസ്തുവിന്റെ സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്നു രാസവസ്തുവിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. ഇത് ആസിഡാണോ എന്ന് ഉറപ്പില്ലെന്നും എന്തെന്നാല്‍ പരിക്കേറ്റവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it