malappuram local

അരീക്കോടില്‍ നടപടി വൈകുന്നു

അരീക്കോട്: മെഡിക്കല്‍ ഷോപ്പുകള്‍ക്കുസമീപം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനധികൃത പരിശോധന നിരീക്ഷിക്കാന്‍ മലപ്പുറം ഡിഎംഒയുടെ കീഴില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കോട് നടപടി വൈകുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വന്തം വീടുകളില്‍ മാത്രമേ പരിശോധന നടത്താന്‍ പാടുള്ളുവെന്ന നിയമം ലംഘിച്ചുകൊണ്ട് അരീക്കോട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പ്രധാന മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമീപമുള്ള മുറികളില്‍ മെഡിക്കല്‍ കോളജ്, താലൂക്ക് ആശുത്രികളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി- ഓര്‍ത്തോളജി വിഭാത്തിലെ അസിസ്റ്റന്റ പ്രഫസര്‍മാരായ ഡോക്ടര്‍മാരാണ് അരീക്കോട് പരിശോധനയ്‌ക്കെത്തുന്നത്. ഇതേ മെഡിക്കല്‍ ഷോപ്പില്‍ മലപ്പുറം താലൂക്കാശുപത്രിയിലെ ഓര്‍ത്തോളജിസ്റ്റും പരിശോധന നടത്തുന്നു. അരീക്കോട്ടിലെ മൂന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരത്തില്‍ അനധികൃത പരിശോധന നടത്തുന്നതായാണ് വിവരം. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ഇരുനൂറ് രൂപ മുതല്‍ മുന്നൂറ് രൂപ വരെ ഫീസ് വാങ്ങുന്നുണ്ട്. ഇവര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ ചില ലാബുകളില്‍ മാത്രമേ നടത്താവൂവെന്ന നിര്‍ദേശവുമുണ്ട്. അരീക്കോട് താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം രണ്ടുമണി വരെ മാത്രമേ ലഭ്യമാവുന്നുള്ളു. സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനത്തിന് സൗകര്യമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അരീക്കോട് അസ്ഥിരോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇല്ലാത്തതു കാരണം മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യലാണ് പതിവ്. അതുകൊണ്ടാണ് താലൂക്കാശുപത്രിക്ക് സമീപം സ്വകാര്യ പരിശോധന വ്യാപകമാവുന്നതെന്ന അക്ഷേപവും ഉയരുന്നുണ്ട്. ഒരു മെഡിക്കല്‍ ഷോപ്പിലെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മറ്റു ഷോപ്പുകളില്‍ ലഭ്യമല്ല.
വില കൂടിയ മരുന്നുകള്‍ മാത്രം എഴുതുന്നവരാണ് ഡോക്ടര്‍മാരില്‍ അധികവും.  മരുന്നെഴുതുമ്പോള്‍ അതിന്റെ ജനറിക് നാമവും എഴുതണമെന്ന നിര്‍ദേശവും ഇത്തരം സ്ഥലങ്ങളില്‍ പാലിക്കപ്പെട്ടുന്നില്ല.
Next Story

RELATED STORIES

Share it