അഭിമന്യു വധം: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കെഎസ്‌യു

കോട്ടയം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സമയം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിടണമെന്നു കെഎസ്‌യു. ആ സമയത്ത് ആരൊക്കെയാണ് അവിടെയെത്തിയതെന്നത് കേസില്‍ പ്രധാനമാണ്. എന്നാല്‍, പോലിസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിടാനോ അതേക്കുറിച്ച് വെളിപ്പെടുത്താനോ തയ്യാറാവാത്തത് ദുരൂഹമാണെന്നു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ്, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആ ദൃശ്യങ്ങളില്‍ കൊലപാതകം സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ പുറത്താവും. കൂടാതെ, കൊല്ലപ്പെടുന്നതിനു മുമ്പ് അഭിമന്യു വിനെ കോളജിലേക്ക് വിളിച്ചുവരുത്തിയയാളെ സംബന്ധിച്ചും പോലിസ് മൗനം പാലിക്കുകയാണ്. ഇതുസംബന്ധിച്ചും ദുരൂഹതകളുണ്ട്. കൊല നടത്തിയത് എസ്ഡിപിഐ ആണോ മറ്റു ആരെങ്കിലുമാണോയെന്ന് അറിയില്ല. എന്നാ ല്‍, കൊലപാതകം സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷണത്തില്‍ പുറത്തുവരേണ്ടതുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരേ കെഎസ്‌യു ജനസദസ്സുകള്‍ സംഘടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ കാംപസുകളില്‍ ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ കായികമായി ആക്രമിക്കുകയാണ്. കാംപസുകളില്‍ സംഘര്‍ഷമുണ്ടാക്കുന്നതി ല്‍ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കാരണം എസ്എഫ്‌ഐ മാത്രമാണ്. ഫാഷിസ്റ്റ് നടപടികളിലൂടെ കാംപസുകളെ കലാപഭൂമിയാക്കാനാണ് എസ്എഫ്‌ഐയുടെ ശ്രമം. എത്ര അഭിമന്യുമാരുണ്ടായാലും എസ്എഫ്‌ഐ പാഠം പഠിക്കില്ല.
കാംപസുകളില്‍ കെഎസ്‌യുവിന്റെ സംഘടനാ പ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്. പലയിടത്തും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുന്നു. എന്നാല്‍, പോലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എസ്എഫ്‌ഐയുടെ ഫാഷിസത്തിനെതിരേ നടത്തുന്ന മാനിഷാദാ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



Next Story

RELATED STORIES

Share it