അന്തര്‍സംസ്ഥാന വാഹന മോഷണ സംഘാംഗം അറസ്റ്റില്‍

നെടുങ്കണ്ടം: കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ അന്തര്‍സംസ്ഥാന വാഹന മോഷണ സംഘത്തിലെ അംഗം 24 വര്‍ഷത്തിനുശേഷം അറസ്റ്റിലായി.
തൊടുപുഴ പൂമാല മുണ്ടിയാനിക്കല്‍ ബൈജു(53) ആണ് അറസ്റ്റിലായത്. നെടുങ്കണ്ടം പോലിസിലെ പ്രത്യേക സ്‌ക്വാഡാണ് ബൈജുവിനെ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് നെടുങ്കണ്ടം പോലിസിനു പ്രതി തൊടുപുഴയിലെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ബൈജു കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലിനു തൊടുപുഴ ബസ്സ്റ്റാ ന്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
1994ല്‍ പാമ്പാടുംപാറയില്‍ നിന്ന് ഡീസല്‍ ജീപ്പ് മോഷ്ടിച്ച് വില്‍പന നടത്തിയ കേസില്‍ ഇയാളെ നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയിലെത്തിയതോടെ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്നാണ് പോലിസ് പറയുന്നത്. ഇതിനിടെ തൊടുപുഴയിലെത്തിയ പ്രതി സ്ഥലമിടപാടും വാഹനക്കച്ചവടവും നടത്തുന്നതായി പോലിസിന് സൂചന ലഭിക്കുകയും സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടാന്‍ കരുക്കള്‍ നീക്കുകയുമായിരുന്നു.
നെടുങ്കണ്ടം എസ്എച്ച്ഒ ഇ കെ സോള്‍ജിമോന്‍, എഎസ്‌ഐ ജോസ് വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ പി എസ് ജയേന്ദ്രന്‍, ഷാനു എന്‍ വാഹിദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. 1989ല്‍ തമിഴ്‌നാട്ടിലെ മെര്‍ക്കന്റയില്‍ ബാങ്ക് കൊള്ളയടിച്ച് 96 ലക്ഷം രൂപയും വാഹനവും കവര്‍ന്ന കേസിലെ രണ്ടാംപ്രതിയാണ് ബൈജുവെന്നും പോലിസ് പറഞ്ഞു. ബൈജുവിനെതിരേയുള്ള മറ്റ് കേസുകളുടെ വിവരങ്ങളും പോലിസ് ശേഖരിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it