|    Oct 21 Sun, 2018 3:23 am
FLASH NEWS
Home   >  Sports  >  Football  >  

യുനൈറ്റഡിന്റെ പരാജയത്തിന് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുത്; ആഞ്ഞടിച്ച് ജോസ് മൊറീഞ്ഞോ

Published : 6th October 2018 | Posted By: jaleel mv


സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മോശം ഫോമിന്റെ പേരില്‍ എന്നെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോ. വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇതിഹാസ കോച്ച് തുറന്നടിച്ചത്. ഇതുവരെ ടീമിന്റെ പരാജയത്തെ തുടര്‍ന്ന് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനെതിരേ മൗനം വെടിഞ്ഞ കോച്ച് ഇത്തവണ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു. ചില കാര്യങ്ങള്‍ പരിശീലകരുടെ ഭാഗത്ത് നിന്ന് മാത്രം പ്രതീക്ഷിക്കേണ്ടതല്ല, അത് കളിക്കാരുേെട ഇടയില്‍ നിന്നും പിറവിയെടുക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനെ പുകഴ്ത്തുകയും ഈ സീസണില്‍ ടീമിനെതിരേ പരാതികള്‍ ഉന്നയിക്കുകയും ചെയ്യുന്ന ആരാധകരെയാണ് ടീമിന്റെ പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ടത്- കോച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്ന് ന്യൂകാസില്‍ യുനൈറ്റഡുമായുള്ള മല്‍സരത്തിന്റെ ഫലം ഒരു പക്ഷേ മൊറീഞ്ഞോയുടെ പടിയിറങ്ങലില്‍ കലാശിക്കുമെന്നാണ് ഡെയ്‌ലി മിറര്‍ പോലുള്ള ബ്രിട്ടനിലെ പ്രമുഖ മാധ്യമപത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സീസണില്‍ ഇതുവരെ 10 മല്‍സരങ്ങളില്‍ ഇറങ്ങിയ, ഏറ്റവും കൂടുതല്‍ തവണ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ യുനൈറ്റഡിന് നാലു മല്‍സരങ്ങളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. കരബാവോ കപ്പില്‍ തോല്‍വിയേറ്റ് പുറത്തേക്കുള്ള വഴി കണ്ടതും ഈ പരാജയത്തിന്റെ അനന്തരഫലമാണ്.
സീസണില്‍ നാല് മല്‍സരങ്ങളില്‍ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങിയെങ്കിലും നാലിലും സ്വന്തം മൈതാനത്ത് പരാജയപ്പെടാനായിരുന്നു യുനൈറ്റഡിന്റെ വിധി. മൊറീഞ്ഞോയുടെ പരിശീലന കരിയറില്‍ ആദ്യമായാണ് യുനൈറ്റഡ് ഹോം ഗ്രൗണ്ടില്‍ നടന്ന തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ വിജയിക്കാതെ കളി പിരിയുന്നത്.
കഴിഞ്ഞ തവണ റെക്കോഡ് പോയിന്റുമായി കിരീടം ചൂടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് യുനൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. കൂടാതെ, ടീമിനെ കഴിഞ്ഞ സീസണിലെ എഫ് എ കപ്പ് ഫൈനല്‍ വരെ എത്തിക്കുന്നതിലും നിര്‍ണായക പങ്കാണ് കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടായതും.
അതേസമയം, കോച്ചിനെ പുറത്താക്കണമെന്ന ആവശ്യമാണ് ടീം കളിക്കാരുടെ ഭാഗത്ത് നിന്നുള്ള സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കോച്ചിനെ പുറത്താക്കണമെന്ന യുനൈറ്റഡ് ആരാധകരുടെ പോസ്റ്റിന് യുനൈറ്റഡ് നായകന്‍ അന്റോണിയോ വലന്‍സിയ ലൈകും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേതുടര്‍ന്ന് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ ചില വാക്കേറ്റങ്ങളും അരങ്ങേറി.
നേരത്തേ ട്രാന്‍സ്ഫര്‍ സമയത്ത് ടീമിലേക്ക് മികച്ച പ്രതിരോധ താരങ്ങളെ കൊണ്ടുവരാനായി കോച്ച് ടീം അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ചില മുന്നേറ്റ താരങ്ങളെ ടീമിലെടുത്തത് കോച്ചിനെ ചൊടിപ്പിച്ചിരുന്നു. ബ്രസീല്‍ മധ്യനിര താരം ഫ്രഡിനെയും പോര്‍ച്ചുഗല്‍ പ്രതിരോധ താരം ഡീഗോ ഡാലറ്റിനെയും ടീമിലെടുത്തെങ്കിലും അവിടെയും കോച്ചിന്റെ ആവശ്യത്തിന് മറുപടിയായിരുന്നില്ല. ഇംഗ്ലണ്ട് പ്രതിരോധ താരം ഹാരി മഗ്വെയറെയും ടോബി ആല്‍ഡര്‍വീല്‍ഡിനെയും ടീമിലെടുത്താല്‍ മാത്രമേ ടീമിന്റെ പ്രതിരോധം ശക്തി ആര്‍ജിക്കൂ എന്ന് നിരന്തരകമായി ടീം അധികൃതരോട് കോച്ച് സംവാദത്തിലേര്‍പ്പെട്ടെങ്കിലും ഈ പോര്‍ച്ചുഗല്‍ താരത്തിന്റെ വാക്കിനെ കാറ്റില്‍ പറത്തുകയാണ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss