Flash News

യോഗി ആതിഥ്യനാഥിനെതിരേ കേസ് കൊടുത്തയാളെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്തു

യോഗി ആതിഥ്യനാഥിനെതിരേ കേസ് കൊടുത്തയാളെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്തു
X


ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരേ 2007ല്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസ് കൊടുത്തയാളെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിന് സ്റ്റേ തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് തലേന്നാണ് അഭിഭാഷകനായ പര്‍വേസ് പര്‍വാസ് അറസ്റ്റിലായിരിക്കുന്നത്. ബലാല്‍സംഗം ചെയ്തുവെന്ന് പറയപ്പെടുന്ന കേസിലെ മറ്റൊരു പ്രതിക്കെതിരായ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

2007 ജനുവരി 27ന് ഗോരഖ്പൂരില്‍ യോഗി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരേയാണ് പര്‍വേസ് കേസ് കൊടുത്തത്. യോഗിയുടെ പ്രസംഗത്തെ തുടര്‍ന്ന് പ്രദേശത്ത് മുഹര്‍റം ആഘോഷത്തിനിടെ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു.

മന്ത്രവാദിയായ മഹ്്മൂദ് എന്ന ജുമ്മാന്റെ അരികില്‍ ചികില്‍സ തേടിയെത്തിയ സ്ത്രീയെ പര്‍വേസും മഹ്മൂദും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനയായ രിഹായ് മഞ്ച് ആരോപിച്ചു.

കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പോലിസ് സപ്തംബര്‍ 26ന് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാനിരിക്കുകയുമാണ്. അതിന്റെ തലേന്നായിരുന്നു അറസ്റ്റെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതേ കേസില്‍ മഹ്്മൂദിന്റെ അറസ്റ്റ് കോടതി സ്‌റ്റേ ചെയ്തിരുന്നുവെന്ന് അഡ്വ. സെയ്ദ് ഫര്‍മാന്‍ അഹ്്മദ് നഖ്്‌വി പറഞ്ഞു.

ഗോരഖ്പൂര്‍ വര്‍ഗീയ കലാപത്തില്‍ യോഗി ആതിഥ്യനാഥിനെതിരായ 2007ലെ കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് പിന്‍വലിക്കാന്‍ പര്‍വേസിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്നു. 65കാരനായ പര്‍വേസിനും മറ്റൊരാള്‍ക്കുമെതിരേ ഈ വര്‍ഷം ജൂണിലാണ് കൂട്ടബലാല്‍സംഗക്കേസെടുത്തത്. പോലിസ് കേസ് അന്വേഷിക്കുകയും വ്യാജമാണെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പോലിസ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ ഗോരഖ്പൂര്‍ പോലിസ് പുതിയൊരു അന്വേഷണത്തിന്റെ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത് എങ്ങിനെയെന്ന് രിഹായ് മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ് യോദിച്ചു. നേരത്തേ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് തള്ളിക്കളയാതെയാണ് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് സ്വയം ജഡ്്ജി ചമയുകയാണെന്നും രിഹായ് മഞ്ച് നേതാവ് ആരോപിച്ചു.
Next Story

RELATED STORIES

Share it