|    Oct 23 Tue, 2018 5:00 am
FLASH NEWS
Home   >  National   >  

ഭീമ കോറേഗാവ് വിധി: ജഡ്ജിയെ മാറ്റി? അസ്വാഭാവിക സംഭവങ്ങള്‍ സര്‍ക്കാരിന് താല്‍പര്യമുള്ള കേസായത് കൊണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍

Published : 30th September 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയേണ്ടിയിരുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മാത്രമായിരുന്നെന്ന് റിപോര്‍ട്ട്. ഇക്കാര്യം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു.കേസ് സംബന്ധിച്ച വിവരങ്ങള്‍, ആരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക, ആരാണ് വിധി പറയുക, അതിന്റെ സമയം എന്നിങ്ങനെയുളള കാര്യങ്ങള്‍ സുപ്രിംകോടതി രജിസ്ട്രിയാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്താറുളളത്.

എന്നാല്‍ സപ്തംബര്‍ 28ന് മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്ന് രാവിലെ രജിസ്ട്രി അപ് ലോഡ് ചെയ്ത നോട്ടീസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ എന്നിവര്‍ കൂടി ചന്ദ്രചൂഡിന്റെ വിധിക്കൊപ്പം ഉണ്ടാകുമെന്ന് പറയുന്നത്. ഇതിന്റെയെല്ലാം സക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ കാരവന്‍ മാഗസിന്‍ ആണ് പുറത്തത് വിട്ടത്.അതേസമയം, ജസ്റ്റിസ് ഖാന്‍വില്‍കര്‍ വിധി പ്രഖ്യാപിക്കുമെന്നത് എന്തുകൊണ്ട് ആദ്യത്തെ ദിവസം സൈറ്റില്‍ രേഖപ്പെടുത്തിയില്ല എന്നതിന് മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ രാജ്കുമാര്‍ ചൗബി തയ്യാറായില്ലെന്നും കാരവന്‍ മാഗസിന്‍ പറയുന്നു.ജസ്റ്റിസ് ഖാന്‍വില്‍കര്‍ കൂടി വിധിപറയുമെന്നത് സാധാരണ നടപടി ക്രമത്തിന്റെ ഭാഗമായി ഉണ്ടായതല്ല,ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി ഇതായിരിക്കുമെന്ന് സര്‍ക്കാര്‍ അനുമാനിച്ചിരിക്കാമെന്നും, കേന്ദ്രസര്‍ക്കാരിന് ഇത് പ്രധാനപ്പെട്ട കേസായത് കൊണ്ടാണിതെന്നുമാണ് ഇതിനെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.എന്നാല്‍ വിഷയത്തില്‍ മനു സിങ്‌വി, അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്ത എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മൗലികമായ നീതി നിഷേധിക്കാന്‍ സാങ്കേതികത്വത്തെ അനുവദിക്കരുതെന്നാണ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നത്. ഭരണഘടനാപരമായ അവകാശങ്ങളുടെ പ്രധാന്യം വ്യക്തമാക്കിയാണ് ചന്ദ്രചൂഡ് വിധിന്യായം ആരംഭിക്കുന്നത്. പൂനെ പോലിസ് ഈ കേസില്‍ ഇതുവരെ നടത്തിയ നടപടികളെ അതിരൂക്ഷമായ ഭാഷയിലാണ് ചന്ദ്രചൂഡ് വിമര്‍ശിച്ചത്. പൂനെ പോലിസിന്റെ അന്വേഷണം സ്വതന്ത്രമല്ല. പോലിസ് അന്വേഷണം ശരിയല്ലെന്ന് തോന്നിയാല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് ഐഎസ്ആര്‍ഒ കേസിലെ നമ്പി നാരായണന്റെ അനുഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അതിനാല്‍ എസ്‌ഐടി അന്വേഷണത്തിന് ഉചിതമായ കേസാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. അന്വേഷണസംഘം കോടതിയില്‍ കൃത്യമായ ഇടവേളകളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിധിയാണ് ഡിവൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചത്.

കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മഹാരാഷ്ട്ര പോലിസ് വളരെ തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ഇത് മാധ്യമവിചാരണയ്ക്ക് കാരണമായി. അന്വേഷണം നിഷ്പക്ഷമല്ലെന്ന തോന്നലുണ്ടാക്കിയെന്നും ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. പ്രതിയാക്കപ്പെട്ട സുധാ ഭരധ്വാജ് എഴുതി എന്നു പറയപ്പെടുന്ന കത്ത് റിപബ്ലിക് ടിവിയില്‍ സംപ്രേഷണം ചെയ്തു. പൊതുബോധം രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര പോലിസ് ഇലക്‌ട്രോണിക് മാധ്യമങ്ങളെ ഉപയോഗിച്ചു. പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടാന്‍ കഴിയില്ല. കാരണം ഇതാണ് വിയോജിപ്പ്. സ്വാതന്ത്ര്യം തടഞ്ഞുവയ്ക്കപ്പെട്ടാല്‍ ഇത് പിന്നീട് നഷ്ടപരിഹാരമായി നല്‍കാന്‍ കഴിയില്ലെന്നും ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ വിധി പ്രസ്താവത്തില്‍ എഴുതിച്ചേര്‍ത്തു. കേസ് പൂനെ പോലിസ് നന്നായി പൂര്‍ത്തിയാക്കുമോയെന്ന സംശയം ഉന്നയിച്ചാണ് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ചന്ദ്രചൂഡ് ഉത്തരവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss