Sub Lead

മര്‍ദ്ദിച്ച് 'പിഎഫ്‌ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റില്‍

-ഹവില്‍ദാര്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ഷൈജു എന്നിവരാണ് അറസ്റ്റിലായത് -വ്യാജ പരാതിക്കു പിന്നില്‍ അഞ്ചുമാസത്തെ ആസൂത്രണം -സൈനികന്‍ ലക്ഷ്യമിട്ടത് ജോലിയിലെ സ്ഥാനക്കയറ്റം

മര്‍ദ്ദിച്ച് പിഎഫ്‌ഐ പച്ചകുത്തിയെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റില്‍
X

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുതുകില്‍ പിഎഫ്‌ഐ എന്ന് പച്ചകുത്തിയെന്ന വ്യാജ പരാതിയില്‍ സൈനികനെയും സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറായ ചാണപ്പാറ സ്വദേശി ബി എസ് ഭവനില്‍ ഷൈന്‍ കുമാറിനെയും സുഹൃത്ത് ഷൈജുവിനെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമാണ് വ്യാജ പരാതിക്കു പിന്നിലെന്നും അഞ്ചുമാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയതായും പോലിസ് പറയുന്നു. പോലിസും മിലിട്ടറി ഇന്റലിജന്‍സും നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരുടെയും മൊഴികളിലുണ്ടായ വൈരുധ്യമാണ് സത്യം തെളിയിച്ചത്. സൈനികന്റെ സുഹൃത്ത് ജോഷിയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സൈനികനായ ഷൈന്‍ കുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നായിരുന്നു ഷൈജുവിന്റെ മൊഴി. മണിക്കൂറുകളോളം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലിസ് സംഘം ഷൈജുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, സൈനികന്റെ മുതുകില്‍ പിഎഫ് ഐ എന്ന് പച്ചകുത്താന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുക്കുകയും ചെയ്തു. മുറിയുടെ സീലിങിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബ്രഷ് ഒളിപ്പിച്ചിരുന്നത്. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പോിസിനോട് വിശദീകരിച്ചു. മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി വ്യക്തമാക്കുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ആറുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതെന്നായിരുന്നു സൈനികനായ കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ശരീരത്തില്‍ ചാപ്പ കുത്തിയെന്നും പോലിസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെ പോലിസ് കേസെടുക്കുകയും ചെയ്തു. ജില്ലാ പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് സംഘം പ്രതികളെ ചോദ്യംചെയ്യുകയാണ്.

Next Story

RELATED STORIES

Share it