Sub Lead

തട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം അറസ്റ്റിലായെന്ന് എഡിജിപി

തട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം അറസ്റ്റിലായെന്ന് എഡിജിപി
X

കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിശദീകരണവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായും സാമ്പത്തിക ബാധ്യത വീട്ടിത്തീര്‍ക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളായ ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍(52), ഭാര്യ അനിതാ കുമാരി, മകള്‍ അനുപമാ പത്മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ലെന്നും പോലിസ് പറഞ്ഞു. നേരത്തേ നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോവലിനു പിന്നിലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ നിഷേധിക്കുന്നതാണ് പോലിസിന്റെ വിശദീകരണം. കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയിരുന്നു. ആദ്യം ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് ഒരുവര്‍ഷം മുമ്പ് ഉണ്ടാക്കിയതാണ്. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാന്‍ പദ്ധതിയിട്ടത്. കുറച്ചുമാസങ്ങളായി ഓയൂരില്‍ തട്ടിക്കൊണ്ടുപോവാനുള്ള കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഓയൂരിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ ശേഷം ഓയൂരിലെ വീട്ടിലാണ് താമസിപ്പിച്ചത്. മാത്രമല്ല, പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കുകയും ചെയ്തു.

അന്വേഷണം ശക്തമായതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചത്. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിതാ കുമാരിയുടെതായിരുന്നുവെന്നും എഡിജിപി പത്മകുമാര്‍ പറഞ്ഞു. പ്രതിയുടെ മകള്‍ അനുപമ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. യൂട്യൂബ് വിഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്നു. ഈയിടെ യൂട്യൂബ് ചാനല്‍ ഡീമോണിറ്റൈസ് ചെയ്തതായും ഇതിന്റെ നിരാശയുണ്ടായിരുന്നുവെന്നും എഡിജിപി സൂചിപ്പിച്ചു. പ്രതികളെകുറിച്ച് പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായി. ജനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രതികളിലെത്തിയത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയ കുട്ടിയും സഹോദരനുമാണ് താരങ്ങള്‍. സഹോദരന്‍ ജോനാഥനാണ് ആദ്യ ഹീറോ. പ്രതികളെ കുറിച്ച് അബിഗേല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയതായും എഡിജിപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it