Cricket

അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസ് ചാംപ്യന്‍മാര്‍; 79 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസ് ചാംപ്യന്‍മാര്‍; 79 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ
X

ബനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ഓസ്‌ട്രേലിയ അവരുടെ മൂന്നാം കിരീടം നേടി. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടന്ന സീനിയര്‍ താരങ്ങളുടെ ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് സമാനമായിരുന്നു ഓസീസ് കൗമരാപ്പടയുടെയും കിരീട നേട്ടം. സ്‌കോര്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 253-7, ഇന്ത്യ 43.5 ഓവറില്‍ 174ന് ഓള്‍ ഔട്ട്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ മുന്നോട്ടുവെച്ചപ്പോഴെ ഇന്ത്യ അപകടം മണത്തിരുന്നു. ഫൈനലുകളില്‍ ഓസ്‌ട്രേലിയക്ക് മാത്രം സാധ്യമാവുന്ന മേധാവിത്വത്തോടെ ഓസീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലായി. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളായ അര്‍ഷിന്‍ കുല്‍ക്കര്‍ണി(4), മുഷീര്‍ ഖാന്‍(22), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍, സച്ചിന്‍ ദാസ്(9) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡില്‍ 68 റണ്‍സെത്തിയപ്പോഴേക്കും ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

മൂന്നാം ഓവറില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി കാളം വൈല്‍ഡ്‌ളര്‍ ആണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമനായി എത്തിയ മുഷീര്‍ ഖാന്‍ ആദര്‍ശ് സിംഗിനൊപ്പം പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 40ല്‍ നില്‍ക്കെ ബേര്‍ഡ്മാന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായി.

33 പന്തില്‍ 22 റണ്‍സാണ് മുഷീറിന്റെ നേട്ടം. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഉദയ് സഹാരണിനെയും(9) ബേര്‍ഡ്മാന്‍ പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായ സച്ചിന്‍ ദാസിനെ(8) റാഫ് മക്മില്ലന്‍ പുറത്താക്കി. 40-1ല്‍ നിന്ന് 68-4ലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഒറ്റക്ക് പൊരുതി നോക്കിയ ഓപ്പണര്‍ ആദര്‍ശ് സിംഗിനെ(47) ബേര്‍ഡ്മാന്‍ തന്നെ വീഴ്ത്തിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. എട്ടാമനായി ക്രീസിലെത്തി 43 പന്തില്‍ 46 റണ്‍സടിച്ച മുരുഗന്‍ അഭിഷേകിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അഭിഷേകിനെ കാളം വാല്‍ഡ്‌ളര്‍ പുറത്താക്കിയപ്പോള്‍ സൗമി പാണ്ഡെയയെ വീഴ്ത്തി സ്‌ട്രേക്കര്‍ ഇന്ത്യന്‍ പോരാട്ടം അവസാനിപ്പിച്ചു.

ഓസ്‌ട്രേലിയക്കുവേണ്ടി ബേര്‍ഡ്മാനും മക്മില്ലനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സെമിയില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടോം സ്‌ട്രേക്കര്‍ക്ക് ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെടുത്തത്. 55 റണ്‍സ് നേടിയ ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.








Next Story

RELATED STORIES

Share it