|    Nov 20 Tue, 2018 8:22 pm
FLASH NEWS
Home   >  Kerala   >  

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വരുമാനത്തില്‍ കെഎസ്ആര്‍ടിസി വീണ്ടും ഉയരങ്ങളിലേയ്ക്ക്

Published : 23rd October 2018 | Posted By: sruthi srt

തിരുവനന്തപുരം: തുടര്‍ച്ചയായ അവധികള്‍ക്കു ശേഷമുള്ള പ്രവൃത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആര്‍ടിസി ചരിത്ര നേട്ടവുമായി കളക്ഷനില്‍ ഒന്നാമത്. അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും ജീവനക്കാരുടെ ആത്മസമര്‍പ്പണവും സര്‍വീസുകളുടെ കാര്യക്ഷമമായും ചിട്ടയോടെയുള്ള ക്രമീകരണവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നതിന് ഇടവരുത്തി. 7,95,62,424 രൂപയായിരുന്നു ഇന്നലെ നേടിയ വരുമാനം.


പ്രതികൂലമായ സാഹചര്യങ്ങള്‍ ആയിരുന്നിട്ടുപോലും യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയും പരാതികള്‍ക്കിട നല്‍കാതെയും ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസുകളടക്കം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യത്തോടുകൂടി ലഭ്യമാക്കാനായതും മുന്‍കൂട്ടി തയ്യാറാക്കിയ കര്‍മ്മ പദ്ധതി പ്രകാരം ജീവനക്കാരുടെ അവധികള്‍ നിയന്ത്രിച്ചം ക്രമീകരിച്ചും അവരുടെ പൂര്‍ണ്ണമായ പങ്കാളിത്തത്തോടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്.
പ്രധാന ബസ്സ് സ്‌റ്റേഷനുകളില്‍ നിന്നും സ്‌റ്റോപ്പുകളില്‍ നിന്നും ബസ്സുകള്‍ കോണ്‍വോയ് ആയി സര്‍വീസ് പോകുന്നത് ഒഴിവാക്കുന്നതിനും തിരക്ക് അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിച്ച് അയക്കുന്നതിനും യാത്രക്കാരെ ബസ്സില്‍ കയറ്റി വിടുന്നതിനും ഇന്‍സ്പക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ കാണിച്ച് മുന്‍കൂട്ടിത്തന്നെ യൂണിറ്റധികാരികള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് അവരവരുടെ ഹോം ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയതുവഴി ജീവനക്കാരെല്ലാം ജോലിക്കെത്തി യാത്രക്കാര്‍ക്ക് സുഗമമായ രീതിയില്‍ യാത്രാ സൗകര്യം ഒരുക്കുവാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു എന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഐ.പി.എസ് പറഞ്ഞു.
തല്‍സംബന്ധമായി എല്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് ഓഫീസര്‍മാര്‍ക്കും സിഎംഡി മുന്‍കൂട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ആഴ്ചയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് ചില സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞും തല്ലിത്തകര്‍ത്ത് നശിപ്പിച്ചും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടത്തിന് ഇടവരുത്തിയെങ്കിലും ഏറെക്കുറെ എല്ലാ ഡിപ്പോ അധികാരികളും അത്തരം ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കി സര്‍വീസുകള്‍ കൃത്യമായും ചിട്ടയോടുകൂടിയും നടത്തുവാന്‍ മാനേജ്‌മെന്റിനൊപ്പം എല്ലാ ജീവനക്കാരും അതീവ ശ്രദ്ധചെലുത്തിയതും ഈ വരുമാന വര്‍ദ്ധനവിന് കാരണമായെന്ന് കെഎസ്ആര്‍ടിസി സി.എം.ഡി. പറഞ്ഞു. വരും ദിവസങ്ങളിലും ഈ ടാര്‍ഗറ്റ് നേടാനായുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയതായും അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss