|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Kerala   >  

യാഥാസ്ഥിതികരെ മുറിവേല്‍പ്പിക്കാതെ ഒരു സാമൂഹ്യമാറ്റവും ഉണ്ടാവില്ല, ശബരിമല വിധി നടപ്പാക്കാന്‍ വൈകിയാല്‍ പ്രക്ഷോഭമെന്ന് കെപിഎംഎസ്

Published : 10th October 2018 | Posted By: afsal ph


തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാന്‍ വൈകിയാല്‍ ഇപ്പോള്‍ സമരരംഗത്തില്ലാത്ത ലക്ഷോപലക്ഷം വിശ്വാസികളെ ഒരുമിച്ചുകൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ . കേസിന്റെ വിചാരണവേളയില്‍ ഫലപ്രദമായി വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയവര്‍ തന്നെയാണ് ഇപ്പോള്‍ സമര രംഗത്തുള്ളതെന്നത് വൈരുധ്യമാണ്. അവസാന സാമ്രാജ്യവും ഇല്ലാതാകുന്ന സവര്‍ണാധിപത്യത്തെ താങ്ങിനിര്‍ത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നും പുന്നല പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശബരിമല സമരത്തെ തള്ളി രംഗത്തുവന്നിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തില്‍ ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് . ശ്രീനാരായണഗുരുവിന്റെ ആശയസമരത്തെ കേരളത്തിന് മുന്നോട്ടുകൊണ്ടുപോകാനായില്ല. അതുകൊണ്ടാണ് ദേവസന്നിധിയിലെ മാറ്റത്തിന് കോടതി നടപടി വേണ്ടിവന്നതെന്ന് പുന്നല പറഞ്ഞു.യാഥാസ്ഥിതികരെ മുറിവേല്‍പ്പിക്കാതെ ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കാനായിട്ടില്ല. ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ പരിഷ്‌കരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ന് സമരമുഖത്തുള്ള ശക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിലെ പട്ടികജാതിക്കാരുടെ ഭരണ സാരഥ്യം, അബ്രാഹ്മണ ശാന്തിക്കാരുടെ നിയമനം തുടങ്ങിയവയെ ഇവര്‍ എതിര്‍ത്തതാണ്. ഇതൊന്നും ഇപ്പോഴും പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമത്തിന്റെ പിന്‍ബലത്തിലൊ പോരാട്ടങ്ങളിലൂടെയൊ ആണ് അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങള്‍ ഇത്തരം അവകാശങ്ങള്‍ നേടിയെടുത്തത്. ഇപ്പോള്‍ സമരം ചെയ്യുന്നവരുടെ ഔദാര്യമല്ല ഇതൊന്നും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ക്ക് വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുന്ന ചരിത്രപ്രധാനമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കാന്‍ കേരളത്തിലെ പുരോഗമന സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. വൈകുന്നത് വിധിയുടെ അന്തഃസത്ത നഷ്ടമാകുന്നതിനും പലതരം തടസ്സങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകാന്‍ മുഴുവന്‍ പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളുടെയും ഐക്യം രൂപപ്പെടേണ്ട കാലഘട്ടമാണിത്. പുന്നല നിലപാട് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss