Flash News

കേരള പുനര്‍നിര്‍മാണം: പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

കേരള പുനര്‍നിര്‍മാണം: പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
X
കോഴിക്കോട്: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം മുടങ്ങിയ സാഹചര്യത്തില്‍ കേരള പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണത്തില്‍ പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ധനസമാഹരണം സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.



പുനര്‍നിര്‍മാണത്തിനുള്ള ചെലവ് പരിഗണിക്കുമ്പോള്‍ സഹായമായി ജനങ്ങളില്‍ നിന്ന് ലഭിച്ചത് തുക ചെറുതാണ്. പതിനേഴായിരത്തിലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടിന് കേന്ദ്ര സര്‍ക്കാര്‍ 95,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. ഒരു കിലോമീറ്റര്‍ റോഡിന് കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ മികച്ച റോഡ് പണിയാന്‍ കിലോമീറ്ററിന് രണ്ട് കോടി രൂപ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലോകത്താകെയുളള മലയാളി സഹോദരങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചത്.
മലയാളി സംഘടനകള്‍ എന്ന നിലയില്‍ ധനസമാഹരണത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ശ്രമിക്കുമ്പോള്‍ എല്ലാവരെയും വ്യക്തിപരമായി പങ്കാളികളാക്കാന്‍ ശ്രമിക്കണം. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ധനസമാഹരണം നല്ല വിജയമാക്കാന്‍ കഴിയും. യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുളവാക്കുന്ന പ്രതികരണമാണുണ്ടായത്. യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു. അവരുടെയൊക്കെ ഹൃദയത്തിലെ നാടാണ് കേരളം. യു.എ.ഇയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മലയാളികള്‍ വലിയ താല്പര്യമാണ് കാണിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് എത്ര ചെറിയ തുകയും വലുതാണ്. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് പങ്കാളികളാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ക്രൗഡ്ഫണ്ടിംഗ് പോര്‍ട്ടല്‍ സജ്ജമായതിനാല്‍ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. നാശനഷ്ടത്തിന്റെ വിശദാംശം പോര്‍ട്ടലിലുണ്ട് . സ്‌കൂളോ അംഗന്‍വാടിയോ പ്രാഥമികാരോഗ്യകേന്ദ്രമോ വീടോ സ്‌പോണ്‍സര്‍ ചെയ്യാം. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം നടക്കാത്തതുകൊണ്ട് ധനസമാഹരണത്തില്‍ ഒരു കുറവും വരാന്‍ പാടില്ല. സംഘടയ്ക്ക് പുറത്തുളളവരെയും ബന്ധപ്പെടണമെന്നും ഓരോ പ്രദേശത്തും നല്ല കൂട്ടായ്മ ഉണ്ടാകണമെന്നും അദ്ദേഹം അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it