|    Nov 19 Mon, 2018 8:59 am
FLASH NEWS
Home   >  Kerala   >  

കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയെന്ന് കണ്ണന്താനം

Published : 6th September 2018 | Posted By: sruthi srt

കോഴിക്കോട്: കേരളം പ്രളയത്തില്‍ മുങ്ങാനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.ഫെയ്‌സ് ബുക്കിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ തുക നല്‍കും

മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണ്. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതു. അണക്കെട്ടുകളില്‍ വെള്ളം പൂര്‍ണമായും നിറയുന്നത് കാത്തുനില്‍ക്കാതെ മുന്‍കൂറായി കുറേശ്ശ തുറന്നു വിട്ടുരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് രണ്ടര പതിറ്റാണ്ടായി പ്രകൃതി ജല മേഖലയില്‍ പ്രവര്‍ത്തിക്കുകയും ലോക ഡാം കമ്മീഷനില്‍ സേവനമനുഷ്ഠിച്ച സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ഡാംസ്, റിവേഴ്‌സ് ആന്‍ഡ് പീപ്പിള്‍ എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിമാന്‍ഷു തക്കര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ് . ഇടുക്കി ഡാം ഒഴികെ ബാക്കിയുള്ള നാല്പതോളം ഡാമുകള്‍ പറ്റി സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഡാം മാനേജ്‌മെന്റിന്റെ വലിയ പരാജയമാണ് സര്‍ക്കാര്‍ വരുത്തിയത്. അതുപോലെ പലയിടങ്ങളിലും വെള്ളക്കെട്ട് ക്രമാതീതമായി വര്‍ദ്ധിച്ചതിനുശേഷമാണ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയും ഇടമലയാറും തുറന്നുവിട്ടത്. ഇതും സ്ഥിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
മിക്ക സ്ഥലങ്ങളിലും ഡാം തുറക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാനോ അതിനു വേണ്ട മുന്നൊരുക്കം നടത്താനോ സര്‍ക്കാരിന് സാധിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തീരുമാനമെടുക്കുന്നത് അവസാനിപ്പിക്കണം. ഡാം മാനേജ്മന്റ് കമ്മിറ്റികളാണ് വെള്ളം തുറന്നുവിടുന്നതില്‍ തീരുമാനം എടുക്കേണ്ടത്, അല്ലാതെ മന്ത്രിമാരല്ല.
രാത്രി 1.30ന് ഫേസ്ബുക്കില്‍ കൂടിയാണ് ഡാം തുറക്കാനുള്ള അറിയിപ്പ് നല്‍കുന്നത്. ഇത് ആരറിയാനാണ്? ഇത്രയും വലിയ വിഡ്ഢിത്തം കാട്ടിയവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ്ഞു ഇരിക്കുകയാണ്.
ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്. ഒരു ഇടതു എംഎല്‍എ നിയമസഭയില്‍ അകാരണമായി കേന്ദ്രത്തെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ആ എംഎല്‍എയെ ശാസിച്ചത് കേന്ദ്രത്തിന്റെ നിര്‍വ്യാജ്യമായ സഹകരണത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ്. ഇടക്കാലാശ്വാസം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് നല്‍കിയത്. 80 കോടി രൂപ രണ്ടു തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വന്നപ്പോള്‍ പ്രഖ്യാപിച്ച 100 കോടിയും നല്‍കി. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 562 കോടി രൂപയില്‍ 450 കോടിയിലേറെ രൂപയും കേന്ദ്രസഹായമാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ പണം അനുവദിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss