|    Nov 21 Wed, 2018 3:13 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒടുവില്‍ ഇന്ത്യക്ക് പരാജയം

Published : 12th September 2018 | Posted By: jaleel mv


ഓവല്‍: അഞ്ച് മല്‍സരങ്ങളടങ്ങുന്ന പരമ്പര 3-1 ന് ഇംഗ്ലണ്ടിന് അടിയറവച്ച ഇന്ത്യക്ക് അവസാന മല്‍സരത്തിലെങ്കിലും ജയിച്ച് പരാജയഭാരം കുറയ്ക്കാനായില്ല. അവസാന നിമിഷം വരെ സമനിലയ്ക്കായി പോരാടിയ ഇന്ത്യക്ക് ഒടുവില്‍ 118 റണ്‍സിന്റെ പരാജയം നേരിടേണ്ടി വന്നു. ഇതോടെ വിടവാങ്ങല്‍ മല്‍സരത്തില്‍ വെറ്ററന്‍ താരം അലിസ്റ്റര്‍ കുക്കിനെ ജയത്തോടെ യാത്രയാക്കാനും ഇംഗ്ലണ്ടിനായി.
ഇന്നലെ ഇന്ത്യന്‍ നിരയില്‍ രണ്ട് സെഞ്ച്വറുകള്‍ പിറന്നെങ്കിലും അതൊന്നും ഇന്ത്യന്‍ വിജയത്തിന് മതിയായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് വിമര്‍ശകര്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലും (149) റിഷഭ് പന്തുമാണ് (114) ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി കണ്ടെത്തിയത്. പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇന്നലെ കുറിച്ചത്. ഇതോടെ ഇംഗ്ലീഷ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും പന്ത് സ്വന്തമാക്കി.
അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ രഹാനെയും കെഎല്‍ രാഹുലും ഒരു പോറലു പോലും ഏല്‍പ്പിക്കാതെ കരകയറ്റുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 120ല്‍ നില്‍ക്കേ 37 റണ്‍സെടുത്ത രഹാനെയെ കീറ്റന്‍ ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ച് മൊയീന്‍ അലി കൂട്ട്‌പൊളിച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക സംഭാവന നല്‍കിയ ഹനുമ വിഹാരി ഇറങ്ങിയെങ്കിലും പക്ഷേ ഇത്തവണ താരത്തിന് തിളങ്ങാനായില്ല. സ്റ്റോക്‌സിന്റെ പന്തില്‍ കീപ്പര്‍ ബെയര്‍‌സ്റ്റോവിന് ക്യാച്ച് നല്‍കി സംപൂജ്യനായി മടങ്ങി. തുടര്‍ന്നാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമായത്. കൂറ്റനടിക്കാരന്‍ റിഷഭ് പന്തുമായി കൂട്ടുകെട്ട് സ്ഥാപിച്ച് കെ എല്‍ രാഹുല്‍ പ്രകടനമികവ് ആവര്‍ത്തിച്ചു.
രണ്ടാം ഇന്നിങ്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കെ എല്‍ രാഹുല്‍ -റിഷഭ് പന്ത് കൂട്ടുകുട്ടിലൂടെ അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യഒരു ഘട്ടത്തില്‍ ടോപ് ഗിയറിലായി. എന്നാല്‍ ഇരുവരെയും പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 204 റണ്‍സാണ് ചേര്‍ത്തത്. തുടര്‍ന്ന് വന്ന ജഡേജ-പന്ത് കൂട്ടുകെട്ടില്‍ ഇന്ത്യ വിശ്വാസമര്‍പ്പിച്ചെങ്കിലും വീണ്ടും ആദില്‍ റഷീദ് വില്ലനായി. 114 റണ്‍സെടുത്ത പന്തിനെ റഷീദ് മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് വാലറ്റക്കാരോടൊപ്പം ഇന്ത്യയെ സമനിലയിലെത്തിക്കാമെന്ന് മോഹവുമായി ക്രീസില്‍ തുടര്‍ന്ന ജഡേജയ്ക്ക് പിന്തുണ നല്‍കാന്‍ ആരും തയ്യാറാവാത്തതോടെ അഞ്ചാം ടെസ്റ്റ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ ഇന്ത്യയ്ക്ക് നാലാം തോല്‍വി വഴങ്ങേണ്ടി വന്നു. ജഡേജ 13 റണ്‍സുമായി കളം വിട്ടപ്പോള്‍ ഇശാന്ത് ശര്‍മ (5),മുഹമ്മദ് ഷാമി (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റും സാം കുറാന്‍ ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss