Thrissur

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസ് അന്തരിച്ചു
X
തൃശ്ശൂര്‍: മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ചിത്രകാരനും ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ കെ എ ഫ്രാന്‍സിസ് തൃശൂരില്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ കുറുമ്പിലാവിലായിരുന്നു ജനിച്ചത്. 1970 ല്‍ മനോരമ പത്രാധിപസമിതിയിലെത്തി. ദീര്‍ഘകാലം കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്നു. മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവി സ്ഥാനത്തു നിന്നു 2002ല്‍ ആണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്. മലയാള മനോരമയില്‍ അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്ഥാപകനും ആയ കെ.പി. ആന്റണിയുടെ മകനാണ്. തൃശൂരിലും കോഴിക്കോട്ടും തലശേരിയിലുമായി വിദ്യാഭ്യാസം. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപ്പര്‍ ലേഔട്ട് ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് 1971ല്‍ മനോരമയ്ക്കു നേടിക്കൊടുത്തു.

കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ നിര്‍ണയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി എസന്‍സ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ളയുടെ ജീവചരിത്രം, കള്ളന്മാരുടെ കൂടെ, ഇ. മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികള്‍ രചിച്ചു. പ്രമുഖ താന്ത്രിക് ചിത്രകാരനെന്ന നിലയില്‍ കലാലോകത്തു ഖ്യാതി നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാന്‍സിസിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്‌കാരം, ലളിതകലാ അക്കാദമി സ്വര്‍ണപ്പതക്ക തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം കോട്ടയത്തെ വസതിയിലേയ്ക്ക് കൊണ്ടുപോകും. ശനിയാഴ്ച കോട്ടയത്താണ് സംസ്‌കാരം.


Next Story

RELATED STORIES

Share it