Kollam

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു
X

കൊല്ലം: ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ യുവതി സീബ്രാലൈനിലൂടെ റോഡ് കുറുകെ മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയില്‍ കളത്തൂക്കുന്നേല്‍ കെ സി ആന്റണി മോളി ദമ്പതികളുടെ മകള്‍ അന്‍സു ട്രീസ ആന്റണി (25) ആണ് മരിച്ചത്. അലക്ഷ്യമായും അമിത വേഗത്തിലും കാര്‍ ഓടിച്ച് അപകടത്തിന് ഇടയാക്കിയ പത്തനംതിട്ട ചെന്നീര്‍ക്കര നീലകിലേത്ത് വീട്ടില്‍ ജയകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു.

ബുധന്‍ രാവിലെ 7ന് എംസി റോഡില്‍ കുളക്കട വായനശാല ജംഗ്ഷന് സമീപമായിരുന്നു അപകടം. അന്‍സു കാസര്‍ഗോഡ് പെരിയയിലെ കേരള സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിരുന്നു. കാരുവേലിലെ കോളേജില്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാന്‍ ബസില്‍ എത്തിയതായിരുന്നു. പുത്തൂര്‍ വഴി പോകുന്നതിനു പുത്തൂര്‍ മുക്കില്‍ ഇറങ്ങുന്നതിനു പകരം കുളക്കടയില്‍ ഇറങ്ങുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയ അന്‍സു ബസ് പിടിക്കുന്നതിന് സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഈ കാര്‍ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി എത്തിയതാണ് അപകട കാരണം. സീബ്രാലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് അന്‍സുവിനെ ഇടിച്ചു വീഴ്ത്തിയത്. ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.

അപകടം നടന്ന സ്ഥലത്ത് 30 കിലോമീറ്റര്‍ ആണ് അനുവദനീയമായ വേഗപരിധി. ഇതിന്റെ ഇരട്ടിയിലേറെ വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നത് എന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹോദരിമാര്‍: അന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി.







Next Story

RELATED STORIES

Share it