|    Oct 16 Tue, 2018 7:18 am
FLASH NEWS
Home   >  Kerala   >  

ശബരിമല : കോണ്‍ഗ്രസ്സ് ബി.ജെ.പി കൂട്ടുകെട്ടിന്റെ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളി- സിപിഎം

Published : 5th October 2018 | Posted By: G.A.G

തിരുവനന്തപുരം:പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സ് ബി.ജെ.പി കൂട്ടുകെട്ട് നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും ഈ നീക്കത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുഴുവന്‍ ജനാധിപത്യവാദികളും തയ്യാറാകണമെന്ന് സി.പി.എം.
കോണ്‍ഗ്രസ്സിന്റേയും ആര്‍.എസ്.എസ്സിന്റേയും കേന്ദ്രനേതൃത്വ നിലപാടിനെ തള്ളിയാണ് കേരളത്തില്‍ ഇരു പാര്‍ടികളിലേയും ഒരു വിഭാഗം കലാപത്തിന് ശ്രമിക്കുന്നത്.
പന്ത്രണ്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. എല്ലാ വിഭാങ്ങളുടേയും വാദമുഖങ്ങളും, അമിക്കസ്‌ക്യൂറിമാരുടെ നിര്‍ദ്ദേശങ്ങളും കൂലങ്കഷമായി പരിശോധിച്ച് രാജ്യത്തെ ഉന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇതിനെതിരായ ഏത് നീക്കവും അപലപനീയമാണ്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിയ്ക്കുന്നു.
സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സി.പി.എമ്മിന്് വ്യക്തമായ നിലപാടുണ്ട്. ഈ നിലപാടാണ് െ്രെകസ്തവ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലും, മുസ്ലീം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും പാര്‍ട്ടി സ്വീകരിച്ചത്. ഭക്തരായ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലമായി നല്‍കിയതും. എന്നാല്‍ പാര്‍ട്ടി നിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണമോ, ചട്ടഭേദഗതിയോ നടത്തി ഒരു മാറ്റവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ വാദമുഖങ്ങളേയും പരിഗണിച്ച് സുപ്രീംകോടതി പ്രഖ്യാപി വിധി നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്.
ഈ വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീക്ക് ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാല്‍ സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സി.പി.എമ്മിന്റെ പരിപാടിയല്ല. അത് വിശ്വാസികളായവര്‍ സ്വയമെടുക്കേണ്ട തീരുമാനമാണ്. ബി.ജെ.പിയും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരവേലകള്‍ ഇത്തരം പ്രതീതി സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്ത്രീയ്ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുകയും വേണം. കോടതിവിധിയില്‍ തൃപ്തിയില്ലാത്ത വിഭാഗങ്ങള്‍ക്ക് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനുള്ള നിയമപരമായ അവകാശങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍, ഈ സാഹചര്യത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനും , കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കം ജനാധിപത്യ കേരളം അനുവദിക്കില്ല.
അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന മൂല്യങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. പിന്നോക്കക്കാരന് വഴിനടക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും, സ്ത്രീകള്‍ക്ക് മാറു മറയ്ക്കുന്നതിനും ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ക്ഷേത്രപ്രവേശനം കിട്ടിയ ദളിതരിലേയും പിന്നോക്കക്കാരിലേയും ഒരു വിഭാഗത്തെ അണിനിരത്തി ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് പ്രകടനങ്ങള്‍ നടത്തിയ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ അത്തരം അന്ധവിശ്വാസ പ്രകടനങ്ങള്‍ താത്ക്കാലികം മാത്രമായിരുന്നു.
പ്രളയകാലത്ത് കേരളം പ്രകടിപ്പിച്ച അനിതര സാധാരണമായ മതനിരപേക്ഷ ഐക്യത്തെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ നടത്തുന്ന നീക്കത്തെ തുറന്നു കാണിക്കാനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കാനും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹം തയ്യാറാകണമെന്ന് സിപിഎം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss