70 സീറ്റില്‍ ധാരണ; തര്‍ക്കമണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നലെയും പ്രഖ്യാപിക്കാനായില്ല. തര്‍ക്കസീറ്റുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയാവും തീരുമാനമെടുക്കുക. ഇന്നലെ രാവിലെ മുതല്‍ പലതലങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി.
ഇതിനിടെ രാഹുലിനെ സന്ദര്‍ശിച്ച യുവനേതാക്കള്‍ പട്ടികയില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തലവന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാഹുല്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും വി എം സുധീരനെയും വിളിച്ചുവരുത്തി ഖാര്‍ഗെ ഇക്കാര്യം ചര്‍ച്ചചെയ്തു. വൈകീട്ട് സോണിയയുടെ അധ്യക്ഷതയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്നു. മൂന്നു നേതാക്കളെയും പ്രത്യേക ക്ഷണിതാക്കളായി വിളിച്ചുവരുത്തി ചര്‍ച്ചചെയ്‌തെങ്കിലും തര്‍ക്കമണ്ഡലങ്ങളുടെ കാര്യത്തിലുള്ള നിലപാടില്‍നിന്ന് അണുകിട മാറാന്‍ സുധീരനും ഉമ്മന്‍ചാണ്ടിയും തയ്യാറായില്ല. ഇന്നു വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി ചേരാനും തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാനും ധാരണയായി.
തര്‍ക്കമണ്ഡലങ്ങളില്‍ പാനല്‍ തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. ഇരിക്കൂര്‍ (കെ സി ജോസഫ്), തൃപ്പൂണിത്തുറ (കെ ബാബു), കോന്നി (അടൂര്‍ പ്രകാശ്), ബെന്നി ബഹ്‌നാന്‍ (തൃക്കാക്കര), ഡൊമിനിക് പ്രസന്റേഷന്‍ (കൊച്ചി) എന്നീ സീറ്റുകളാണ് കീറാമുട്ടിയായി തുടരുന്നത്. കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിക്ക് വീണ്ടും സീറ്റ് നല്‍കണമോയെന്ന കാര്യത്തിലും തീരുമാനമായില്ല.
മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണനെ വെട്ടി തൃശൂര്‍ സീറ്റ് കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാലിനു നല്‍കി. കുന്ദമംഗലത്ത് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ മാറ്റി ടി സിദ്ദീഖ് സ്ഥാനാര്‍ഥിയായി. ധര്‍മടത്ത് പിണറായി വിജയനെതിരേ മമ്പറം ദിവാകരനെ നിശ്ചയിച്ചിരുന്നെങ്കിലും കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജയുടെ പേരാണ് ലിസ്റ്റില്‍. പെരുമ്പാവൂര്‍ സീറ്റിനായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് മാത്യു കുഴല്‍നാടനും തമ്മിലായിരുന്നു മല്‍സരം. അവസാന നിമിഷം എല്‍ദോസിന് നറുക്കുവീണു. അങ്കമാലിയില്‍ എന്‍എസ്‌യു ദേശീയ പ്രസിഡന്റ് റോജി എം ജോണിനെ തീരുമാനിച്ചു. ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂര്‍ സീറ്റ് ലഭിച്ചു. ടി എന്‍ പ്രതാപന് കയ്പമംഗലത്തേക്ക് മാറ്റം കിട്ടി. കൊടുങ്ങല്ലൂരില്‍ കെ പി ധനപാലന്‍ ജനവിധിതേടും. കായംകുളം എം ലിജുവിന് കിട്ടി. പൊന്നാനിയില്‍ അജയമോഹനും തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനും മല്‍സരിക്കും.
Next Story

RELATED STORIES

Share it