Flash News

അധ്യാപക പാക്കേജ്: 1:45 റദ്ദാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആക്കിയ പാക്കേജ് വ്യവസ്ഥയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ റദ്ദാക്കിയത്. ഒഴിവു വരുന്ന തസ്തികയിലെ നിയമനത്തിന് ഒരു വര്‍ഷം മുമ്പേ സര്‍ക്കാരിന്റെ അനുമതി തേടണമെന്ന കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിയും കോടതി റദ്ദാക്കി.
തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് ഡിവിഷന്‍ ഇല്ലാതെ പുറത്താകുന്നവരെ പ്രൊട്ടക്റ്റഡ് അധ്യാപകരായി പരിഗണിച്ച് അധ്യാപക ബാങ്ക് രൂപവല്‍ക്കരിച്ച നടപടി കോടതി ശരിവച്ചു. 2013 മെയ് 3നു സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ എല്‍പി വിഭാഗത്തില്‍ 1:30, യുപി വിഭാഗത്തില്‍ 1:35 എന്ന അനുപാതത്തില്‍ തസ്തിക നിര്‍ണയം നടത്തണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. സ്‌കൂളിനെ ഒരു യൂനിറ്റായി കണക്കാക്കി തസ്തിക നിര്‍ണയം നടത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 1 മുതല്‍ 6ാം ക്ലാസ് വരെ എല്‍പി വിഭാഗവും 7 മുതല്‍ 8 വരെ യുപി വിഭാഗവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിശ്ചയിച്ച 2010- 11ലെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ 2011-12ലും തസ്തിക നിര്‍ണയം നടപ്പാക്കണമെന്ന 2011 ഒക്‌ടോബര്‍ 1ന് ഉത്തരവിട്ടിരുന്നു. 2011 മുതല്‍ 2014-15 വരെ പ്രമോഷന്‍, മരണം, വിരമിക്കല്‍, രാജി, സ്ഥലംമാറ്റം എന്നിവ മൂലമുള്ള ഒഴിവുകളിലേക്കു മാത്രമേ നിയമനം പാടുള്ളൂവെന്നും അധിക തസ്തികയില്‍ നിയമനം പാടില്ലെന്നുമായിരുന്നു ഉത്തരവ്. 2015-16 മുതല്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആക്കണമെന്നും നിര്‍ദേശമുണ്ടായി. എന്നാല്‍, 2009ല്‍ നിലവില്‍ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 1:30 എന്ന അനുപാതത്തിലും 6, 7, 8 ക്ലാസുകളില്‍ 1:35 എന്ന അനുപാതത്തിലുമാണ് അധ്യാപക നിയമനം നടത്തേണ്ടത്. ഇതിനു പകരം 1:45 എന്ന അനുപാതം സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന കാരണം ചൂണ്ടിക്കാട്ടി തസ്തിക വെട്ടിക്കുറയ്ക്കാനാവില്ല.
എന്തിനു വേണ്ടിയാണ് ഇത്തരം നിയമനിര്‍മാണം നടത്തിയതെന്നും ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്നും പരിഗണിച്ചാണ് തീരുമാനം വേണ്ടത്. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ ഏഴാം വ്യവസ്ഥയില്‍ സാമ്പത്തിക ബാധ്യത കേന്ദ്രസര്‍ക്കാര്‍ കൂടി വഹിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനു മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന പ്രായോഗികമല്ലെന്നു കോടതി വ്യക്തമാക്കി. ഓരോ അധ്യയന വര്‍ഷാരംഭത്തിലെയും ആറാം ദിനം വിദ്യാര്‍ഥികളുടെ തലയെണ്ണം നോക്കിയാണ് അധ്യാപക-വിദ്യാര്‍ഥി അനുപാതം കണക്കാക്കുന്നത്. ഇത് വിദ്യാഭ്യാസ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിന് അംഗീകാരം നല്‍കുന്ന ചട്ടമാണ് നിലവിലുള്ളത്.
സ്റ്റാഫ് ഫിക്‌സേഷനും ഒഴിവുകളും വിദ്യാഭ്യാസ അധികൃതരുടെ മുന്‍കൂര്‍ മേല്‍നോട്ടത്തിനു വിധേയമാകേണ്ടതില്ല. വ്യക്തമായ നിയമമുള്ളപ്പോള്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പരിധി കടക്കുന്നത് ശരിയായ നടപടിയല്ല. 2014ലെ വിദ്യാഭ്യാസചട്ട ഭേദഗതി പ്രകാരം യുഐഡി പ്രകാരം മാത്രം തസ്തിക തിട്ടപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി അംഗീകരിച്ചു. അധ്യയന വര്‍ഷത്തെ ആറാമത്തെ പ്രവൃത്തിദിനത്തില്‍ തലയെണ്ണല്‍ നടത്തണമെന്നും ഇതു ഡിഇഒമാരും എഇഒമാരും പരിശോധിക്കണമെന്നുമാണ് വ്യവസ്ഥ.
അധ്യയന വര്‍ഷത്തെ അവസാനത്തെ പ്രവൃത്തിദിനത്തില്‍ നിലവിലെ തസ്തികകള്‍ അറിയിക്കണമെന്ന വ്യവസ്ഥയും ഹൈക്കോടതി ശരിവച്ചു. എന്നാല്‍, അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താനായി ടീച്ചേഴ്‌സ് അപ്രൈസല്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്ന വ്യവസ്ഥ റദ്ദാക്കി.
Next Story

RELATED STORIES

Share it