30,534 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: 2016-17 വാര്‍ഷിക പദ്ധതിയില്‍ 30,534.17 കോടി രൂപയുടെ മൊത്തം അടങ്കല്‍ പദ്ധതിയും 24,000 കോടി രൂപയുടെ കരടു സംസ്ഥാന പദ്ധതിയും മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായം 6,534.17 കോടിയാണ്. ഡിസംബര്‍ 21നു ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗമാണ് അടങ്കല്‍ പദ്ധതി അംഗീകാരത്തിനായി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്.
ആകെ വിഹിതമായ 24,000 കോടിയില്‍ 5,500 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ 500 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധിക പദ്ധതിസഹായമാണ്. വൈദ്യുതി ബോര്‍ഡിന്റെ തുകയായ 1485 കോടി ഒഴിവാക്കിയ ശേഷമുള്ള പദ്ധതിവിഹിതത്തിന്റെ 24.43 ശതമാനമാണിത്. 2,354.40 കോടി രൂപ പ്രത്യേക ഘടകപദ്ധതിക്കായി വകയിരുത്തി. ഇതില്‍ 1,315.50 കോടി പട്ടികജാതി വികസനവകുപ്പിനും ബാക്കി 1,038.90 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതവുമാണ്.
പട്ടികജാതി വിഭാഗത്തിനുള്ള വിഹിതം സംസ്ഥാന പദ്ധതിവിഹിതത്തിന്റെ 9.81 ശതമാനമാണ്. പട്ടികവര്‍ഗ ഉപപദ്ധതിക്ക് 532.80 കോടി രൂപ വകയിരുത്തി. ഇത് പദ്ധതിവിഹിതത്തിന്റെ 2.22 ശതമാനമാണ്. കൂടാതെ മുന്‍വര്‍ഷങ്ങളിലെപ്പോലെ 150 കോടി രൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള അധികസഹായമുണ്ട്. പട്ടികവര്‍ഗത്തിനായി ആകെ 682.80 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇത് സംസ്ഥാന പദ്ധതിവിഹിതത്തിന്റെ 2.85 ശതമാനമാണ്. പട്ടികവര്‍ഗ ജനസംഖ്യയേക്കാള്‍ (1.45%) ഏറെ കൂടുതലാണിത്.
അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് 2,536.07 കോടി രൂപ (10.57%) വകയിരുത്തി. പ്രധാനപ്പെട്ട പദ്ധതികള്‍: പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക്, കൊച്ചി പെട്രോകെമിക്കല്‍ പാര്‍ക്ക്, കൊച്ചി ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍വേ, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, സബര്‍ബന്‍ റെയില്‍വേ സര്‍വീസ്, ബൈപാസ് നിര്‍മാണം, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം, ബേക്കല്‍ എയര്‍ സ്ട്രിപ്, ട്രാന്‍സ്ഗ്രിഡ് 2.0, വ്യാവസായിക ആവശ്യങ്ങള്‍ക്കും പ്രധാന പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കല്‍.
Next Story

RELATED STORIES

Share it