26ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു

ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണ്‍ ലളിതമാക്കുന്നതടക്കമുള്ള നിര്‍ണായകമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനാവാതെ 26ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു. ഈ വിഷയങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിലേക്കു  മാറ്റിവച്ചു. അതേസമയം, ചരക്കുസേവന നികുതിയുടെ ഭാഗമായി അന്തര്‍സംസ്ഥാന ചരക്ക് കൈമാറ്റത്തിനുള്ള ഇ-വേ ബില്ല് സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 15ഓടെ ഇ-വേ ബില്ല് ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ജൂണ്‍ ഒന്നോടെ ഇതു രാജ്യവ്യാപകമായി നടപ്പാവുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇ-വേ ബില്ല് സംവിധാനം ആരംഭിക്കുക. ഓരോ ഗ്രൂപ്പുകളും ഓരോ ആഴ്ച കഴിയുംതോറും ഇ-വേ സംവിധാനത്തിന്റെ ഭാഗമായി മാറും. അടുത്തമാസം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ കീഴിലാവും. ഫ്രെബ്രുവരി 24ന് നടന്ന യോഗത്തില്‍ ഏപ്രില്‍ മുതല്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഇ-വേ സംവിധാനം നിര്‍ബന്ധമാക്കണമെന്ന് വിവിധ സംസ്ഥാന ധനകാര്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. 50,000 രൂപയിലധികം മൂല്യമുള്ള ചരക്കുകള്‍ക്കാണ് ഇ-വേ ബില്ല് സംവിധാനം നടപ്പാക്കുന്നത്.
നിലവിലെ ചരക്കുസേവന നികുതി റിട്ടേണ്‍ ഫയലിങ് സംവിധാനം ആറുമാസം കൂടി തുടരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. റിട്ടേണ്‍ ഫയലിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഇന്നലത്തെ യോഗത്തില്‍ രണ്ടുതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും കൃത്യമായ തീരുമാനത്തില്‍ എത്താത്തതിനാല്‍ നിലവിലെ രീതിയില്‍ തന്നെ മൂന്നു മാസം കൂടി തുടരും. വിഷയത്തില്‍ റിട്ടേണ്‍ ഫയലിങ് ലളിതമാക്കുന്നതു സംബന്ധിച്ച് ഈ രംഗത്തെ വിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കും. റിവേഴ്‌സ് ചാര്‍ജിങ് സംവിധാനവും മൂന്നു മാസത്തേക്ക് നീട്ടാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കയറ്റുമതി ചരക്കുകള്‍ക്കുള്ള നികുതിയിളവ് ആറുമാസം കൂടി തുടരുന്നതിനും യോഗത്തില്‍ ധാരണയായതായി ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍, സ്വര്‍ണം, പെട്രോള്‍ ഉല്‍പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നു വിഷയം ഇന്നലെ ചര്‍ച്ചയ്‌ക്കെടുത്തില്ല.
Next Story

RELATED STORIES

Share it