wayanad local

ജില്ലാ ആശുപത്രിയില്‍ നിരവധി ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്



മാനന്തവാടി: നിസ്സാരമായ അറ്റകുറ്റപ്പണികളുടെ പേരില്‍ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍ സര്‍വീസ് നടത്താത്തത് രോഗികള്‍ക്ക് ദുരിതമായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങളും നിര്‍ധനരും ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. സ്വകാര്യ ആംബുലന്‍സുകള്‍ക്ക് വാടക കൂടുതലാണെന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഈ ആശുപത്രിയിലെ ആംബുലന്‍സുകളാണ്. എന്നാല്‍, ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നിരവധി ആംബുലന്‍സുകള്‍ കട്ടപ്പുറത്താണ്. മന്ത്രിയും എംപിയും ജില്ലാ പഞ്ചായത്ത്, പട്ടികവര്‍ഗ വകുപ്പ് എന്നിവയും ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നെങ്കിലും നിലവില്‍ ചുരുക്കം ചില ആംബുലന്‍സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബാറ്ററി ചാര്‍ജ് കഴിഞ്ഞവ, ബ്രേക്ക് നടത്താനുള്ളവ, ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയതിന്റെ സര്‍വീസ് നടത്താനുള്ളവ, ലീഫ് പൊട്ടിയത് തുടങ്ങി ചുരുങ്ങിയ ചെലവില്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗയോഗ്യമാക്കാന്‍ കഴിയുന്ന ആംബുലന്‍സുകള്‍ വരെ അധികൃതരുടെ അലംഭാവം കാരണം ഷെഡില്‍ കയറ്റിയിട്ടിരിക്കുകയാണ്. ഉപയോഗിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് മോര്‍ച്ചറി പരിസരത്തേക്ക് തള്ളിമാറ്റിയിടുന്നതിനിടെ ആംബുലന്‍സ് സ്റ്റാര്‍ട്ടായ സംഭവവും കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലുണ്ടായി. അറ്റകുറ്റപ്പണികളുടെ പേരില്‍ പുതിയ വാഹനങ്ങള്‍ പോലും സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമെന്നു പറഞ്ഞ് മാറ്റിയിട്ടിരിക്കുന്ന ആംബുലന്‍സുകള്‍ ലേലം ചെയ്യാനെങ്കിലും തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാരിന് ലാഭമുണ്ടാക്കാം. മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു നശിക്കുകയാണ് ഈ വാഹനങ്ങള്‍. നിരവധി പേര്‍ക്ക് ഉപകാരപ്രദമാകേണ്ട വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it