Flash News

ഇന്ന് ക്രിക്കറ്റ് യുദ്ധം : ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം

ലണ്ടന്‍: ക്രിക്കറ്റില്‍ ഇന്ന് യുദ്ധമാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ചിരവൈരികളായ പാകിസ്താനെതിരേ പാഡണിയുമ്പോള്‍ മല്‍സരത്തെ യുദ്ധമെന്ന് തന്നെയേ വിശേഷിപ്പിക്കാനാവൂ. ഇന്ത്യ- പാക് മല്‍സരം കേവലം ഒരു മല്‍സരം എന്നതിലുപരിയായി ഇരു രാജ്യങ്ങളുടേയും താരങ്ങള്‍ക്കും ആരാധകര്‍ക്കും അഭിമാന പോരാട്ടം കൂടിയാണ്. നിലവിലെ ഫോമില്‍ ഇന്ത്യ പാക് ടീമിനേക്കാളും ഒരു പടി മുന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയിലെ ചരിത്രം പാകിസ്താന് മേല്‍ക്കൈ നല്‍കുന്നു.—

മുന്‍തൂക്കം പാക് ടീമിന്

പാകിസ്താനെതിരേ ഇതു വരെയുള്ള ഐസിസി ലോകകപ്പുകളിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഐസിസിയുടെ ഏകദിന, ടി ട്വന്റി ലോകകപ്പുകളില്‍ പാകിസ്താനെതിരേ കളിച്ച 11 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.—ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ ഏറെ പിന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇതല്ല സ്ഥിതി. അവിടെ കണക്കുകളില്‍ പാകിസ്താന് നേരിയ മുന്‍തൂക്കമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു തവണ മാറ്റുരച്ചപ്പോള്‍ രണ്ടിലും വിജയം പാകിസ്താനായിരുന്നു.— ഇന്ത്യക്കെതിരേയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ പാക് ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫിയിലേത് പുതിയൊരു മല്‍സരമാണെന്നും ജയത്തിനായി ടീം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.—

പേസ് കരുത്തില്‍ പാകിസ്താന്‍

ചാംപ്യന്‍സ് ട്രോഫിക്ക് മികച്ച ടീമിനൊണ് ഇത്തവണ പാകിസ്താന്‍ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹ്മദാണ് പാക് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവരുടെ സാന്നിധ്യം പാകിസ്താന് മുതല്‍ക്കൂട്ടാവും. അടുത്തിടെ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഏഴു വിക്കറ്റെടുത്ത ശതാബ് ഖാന്‍, യുവ ഓള്‍റൗണ്ടര്‍ ഇമാദ് വസീം എന്നിവരും പാക് ടീമിലുണ്ട്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേര്‍ന്ന പാക് ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു കടുത്ത ഭീഷണിയുയര്‍ത്തിയേക്കും.—പാക് ടീമിന്റെ പുതിയ കണ്ടെത്തലായ ബാബര്‍ ആസാം 45 ശരാശരിയിലാണ് ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുന്നത്. അസ്ഹര്‍ അലി, അഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ പാക് ടീമിനെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ്.—

വിവാദത്തില്‍ കുരുങ്ങി ഇന്ത്യ

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ട് സന്നാഹ മല്‍സരത്തിലും വിജയം കണ്ടെത്തിയ ഇന്ത്യന്‍ നിര മികച്ച ഫോമിലാണെങ്കിലും ടീമിനുള്ളിലെ വിവാദങ്ങള്‍ ടീമിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ് ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം  ഇന്ത്യന്‍ ക്യാംപിനുള്ളില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികെയാണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങുന്നത്.— പരിചയ സമ്പന്നരായ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. സന്നാഹ മല്‍സരങ്ങളില്‍ കരുത്ത് കാട്ടിയ ഇന്ത്യന്‍ ഫാസ്റ്റ്് ബൗളിങ് നിര പാകിസ്താനെതിരേയും മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമുള്ളത്. മുഹമ്മദ് ഷമിയുടേയും ഉമേഷ് യാദവിന്റേയും പേസ് ആക്രമണത്തിനൊപ്പം ഡത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബൂംറയും സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും ഇന്ത്യക്ക് വേണ്ടി ഇറങ്ങും. സ്പിന്‍ കെണി ഒരുക്കാന്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഇന്ത്യന്‍നിരയിലുണ്ട്. അതേസമയം ഓപണര്‍ ശിഖാര്‍ ധവാന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും രോഹിത് ശര്‍മ ഫോം കണ്ടെത്താത്തത് ഇന്ത്യക്ക് തലവേദനായുവുന്നുണ്ട്. സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കുവേണ്ടി കളിക്കാതിരുന്ന യുവരാജ് സിങിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ്് റിപ്പോര്‍ട്ടുകളുള്ളത്. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികവിനൊപ്പം മുന്‍ നായകന്‍ എംഎസ് ധോണികൂടി ചേരുമ്പോള്‍ പാകിസ്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.—

കോഹ്‌ലി- അമീര്‍ പോരാട്ടം

ചര്‍ച്ചചെയ്യപ്പെടുന്ന രണ്ട് താരങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീറും. ഫാസ്റ്റ് ബൗളര്‍മാരുടെ പാരമ്പര്യം ഏറെ അവകാശപ്പെടാനുള്ള പാക് നിരയുടെ ഇപ്പോഴത്തെ വജ്രായുധമാണ് അമീര്‍. ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം നേടിയ കോഹ്‌ലിയുടെ ബാറ്റിങ് കരുത്തും അമീറിന്റെ പേസ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനും കൂടിയാവും ഇന്ത്യ പാക് മല്‍സരം സാക്ഷ്യം വഹിക്കുക.
Next Story

RELATED STORIES

Share it