thrissur local

22 വയസ്സിനുള്ളില്‍ 100 വീടുകളില്‍ മോഷണം;  അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

തൃശൂര്‍: കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി 22 വയസ്സിനുള്ളില്‍ നൂറോളം വീടുകളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ ഷാഡോ പോലിസ് പിടികൂടി. കര്‍ണാടക സ്വദേശി ചെപ്പി ഷഫീഖ് എന്നു വിളിക്കുന്ന മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. കോലഴിയിലെ സതീഷ്‌കുമാറിന്റെ വീട്ടിലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വര്‍ണവും മറ്റും മോഷണം നടത്തിയതിനെ തുടര്‍ന്ന് ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.
സമാന രീതിയിലുള്ള മോഷണം 2014 ല്‍ വടക്കാഞ്ചേരിയിലെ വീട്ടില്‍ ഷഫീഖ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഷെഫീക്കിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 2016 ജനുവരിയില്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് ഷഫീഖിന്റെ കര്‍ണാടക കുടകിലുള്ള മടിക്കേരിയിലെ വീട്ടിലെത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. വീണ്ടും മോഷണത്തിനായി തൃശൂരിലെ പെരിങ്ങാവിലെത്തിയ ഷഫീഖിനെ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷെഫീക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോലഴിയിലെ ജോഷിയുടെ വീട്ടിലും അവിടെ ന്നെയുള്ള ഡോ. ശ്രീജിത്തിന്റെ വീട്ടിലും കുറാഞ്ചേരി താഴത്ത് പുരയ്ക്കല്‍ നസ്‌റിയയുടെ വീട്ടിലും മോഷണം നടത്തിയതായി സമ്മതിച്ചു. ഇയാള്‍ കോഴിക്കോട് കലക്ടര്‍ റോഡിലുള്ള ശരോമ വീട്ടില്‍ അര്‍ഷാജി എന്നയാളുടെ വീട്ടില്‍ കയറി 15000 രൂപയും 35000 രൂപയുടെ ദിര്‍ഹവും മോഷ്ടിച്ചിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലെ അബ്ദുല്ല നാസറിന്റെ വീടിന്റെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചുവച്ച പെയിന്റ് ഒഴിച്ച് വാതില്‍ കത്തിച്ച് അകത്ത് കയറി മോഷണം നടത്തി.
കോഴിക്കോട് എഴുത്തുവളപ്പില്‍ സാംബശിവന്റെ വീട്ടില്‍ മോഷണം നടത്തിയെന്നും ഷെഫീക്ക് സമ്മതിച്ചു. കര്‍ണാടകയിലെ മടിക്കേരിയിലും കോയമ്പത്തൂരിലും ഒറ്റപ്പാലം, പാലക്കാട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തൃശൂര്‍ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ പരിധിയിലുമായി 25 ഓളം കേസുകളുണ്ട്. പേരാമംഗലം സിഐ മണികണ്ഠന്‍, വിയ്യൂര്‍ എസ്‌ഐ എം എം മഞ്ജുദാസ്, പി ആര്‍ അനന്തന്‍, ഷാഡോ പോലിസുകാരായ എസ്‌ഐ ഡേവിസ് എംപി, അന്‍സാര്‍ വി കെ, എന്‍ ജി സുവൃതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, പഴനി, ശിവന്‍, സി പി ഉല്ലാസ്, എം എസ് ലിഖേഷ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it