2005ന് മുമ്പ് ജനിച്ച പെണ്‍മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ തുല്യ അര്‍ഹത

ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം 2005ന് മുമ്പ്് ജനിച്ച പെണ്‍മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ തുല്യവകാശമുണ്ടായിരിക്കുമെന്ന് സുപ്രിംകോടതി. പിതൃസ്വത്തിന് പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന വ്യവസ്ഥയോടെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005 ഭേദഗതി ചെയ്തിരുന്നു. എന്നാല്‍, നിയമം ഭേദഗതി വരുത്തുന്നതിന് മുമ്പ്് ജനിച്ച പെണ്‍മക്കള്‍ക്ക് ഇതിന് അവകാശമുണ്ടാവുമോ എന്ന കാര്യത്തിലാണ് കഴിഞ്ഞദിവസം പരമോന്നത കോടതി വ്യക്തത വരുത്തിയത്. നിയമം പാസാക്കുന്നതിന് മുമ്പ്് ജനിച്ച മക്കളാണെന്ന കാരണത്താല്‍ പൂര്‍വിക സ്വത്തില്‍ അവര്‍ക്ക് തുല്യവകാശം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.മരണപ്പെട്ട പിതാവിന്റെ സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് രണ്ടു സഹോദരിമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പൂര്‍വിക സ്വത്ത് സംബന്ധിച്ച വിഷയത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവകാശം നല്‍കുന്നതിനാണ് നിയമം ഭേദഗതി ചെയ്തതെന്ന് ബെഞ്ച് വ്യക്തമാക്കി.2005ന് മുമ്പ് ജനിച്ചതിനാല്‍ പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി 2007ല്‍ വിചാരണ കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി, ഭേദഗതിചെയ്ത നിയമത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നതിന് ജനനവര്‍ഷം മാനദണ്ഡമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it