2ജി സ്‌പെക്ട്രം: മുന്‍ ടെലികോം സെക്രട്ടറി കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷിനെയും മൂന്നു ടെലികോം കമ്പനികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തമാക്കി. ഹച്ചിസണ്‍ മാക്‌സ്, സ്റ്റെര്‍ലിങ് സെല്ലുലാര്‍, ഭാരതി സെല്ലുലാര്‍ എന്നീ കമ്പനികളെയാണ് കുറ്റവിമുക്തമാക്കിയത്. സിബിഐ തയ്യാറാക്കിയ കുറ്റപത്രം കൃത്രിമമായി കെട്ടിച്ചമച്ചതും വസ്തുതകള്‍ വക്രീകരിച്ചതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 235 പേജുള്ള വിധിന്യായത്തില്‍, സിബിഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയ പ്രത്യേക സിബിഐ ജഡ്ജി ഒ പി സെയ്‌നി കുറ്റക്കാരായ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി നിയമപരമായ നടപടിയെടുക്കണമെന്ന് സിബിഐ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2002ല്‍ അധികം സ്‌പെക്ട്രം ബാന്‍ഡ് അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 846.44 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണ് സിബിഐ കോടതി നടപടി.

സിബിഐക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. സ്‌പെക്ട്രം അനുവദിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ടെലികോം സെക്രട്ടറിയായിരുന്ന ശ്യാമള്‍ ഘോഷാണെന്നായിരുന്നു സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, അധിക സ്‌പെക്ട്രം അനുവദിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിനും ബിഎസ്എന്‍എല്ലിനും നേട്ടമുണ്ടായിട്ടുണ്ടെന്നായിരുന്നു ശ്യാമള്‍ ഘോഷും കമ്പനികളും കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it