malappuram local

1920 മഞ്ചേരി സമ്മേളനം; പാണ്ടിക്കാട്ടെ മരനാട്ടുമനയില്‍നിന്ന് പുതിയ തെൡവുകള്‍ കണ്ടെത്തി

മലപ്പുറം: 1920 ഏപ്രില്‍ 28,29 തിയ്യതികളില്‍ മഞ്ചേരി കല്‍ക്കോണി മൈതാനത്തു കൂടിയ അഞ്ചാം മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനത്തില്‍ ആനിബസന്റും അനുയായികളും പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തിയത് കേരള ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് 1921ലെ മലബാര്‍ കലാപം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കോഴിക്കോട് സര്‍വകലാശാലാ ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. പുരാരേഖകള്‍ സംരക്ഷിക്കുകയും ഡിജിറ്റല്‍ കോപ്പികള്‍ തയ്യാറാക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയുടെ ഭാഗമായാണ് ഗവേഷക സംഘം പാണ്ടിക്കാട്ടെ മരനാട്ടുമന സന്ദര്‍ശിച്ചത്. 1916 ല്‍ പാലക്കാട് ആരംഭിച്ച മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കി.ഇതിന്റെ അഞ്ചാമത് സമ്മേളനം മഞ്ചേരിയില്‍ നടന്നപ്പോള്‍ ജന്മി-കുടിയാന്‍ തര്‍ക്കങ്ങല്‍ വലിയ ചേരിതിരിവിനു കാരണമായിരുന്നു.1919ലെ നിയമപരിഷ്‌കാരം മുഖേനയുണ്ടായ മദ്രാസ് നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് കേരളീയ പൊതുമണ്ഡലത്തെ ഇളക്കിമറിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ കസ്തൂരിരങ്ക അയ്യങ്കാറുടെ അധ്യക്ഷതയില്‍ മഞ്ചേരി സമ്മേളനം നടന്നത്. കേരളത്തിലെ മിക്ക പ്രമുഖ ജന്മിമാരും പുതുതലമുറയിലെ മധ്യവര്‍ഗ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബലപരീക്ഷണമാണ് മഞ്ചേരിയില്‍ നടന്നത്.
കേരള രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ നേതൃത്വം പുതിയ മധ്യവര്‍ഗ പ്രതിനിധികള്‍ ഏറ്റെടുത്തതോടെ വന്‍കിട ഭൂവുടമകള്‍ക്ക് പിന്തുണ നഷ്ടമായത് മഞ്ചേരി സമ്മേളനത്തില്‍വച്ചാണ്. മഞ്ചേരി രാമയ്യര്‍, കെ പി കേശവമേനോന്‍, കെ മാധവന്‍നായര്‍, എം പി നാരായണ മേനോന്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വ പദവിയിലേയ്ക്കുയരുന്നത് ഈ സമ്മേളനത്തോടെയാണ്. ഇത് തുടര്‍ന്നുള്ള മലയാളി ജീവിതത്തെ ഏറെ മാറ്റി. വിവിധ സ്ഥലങ്ങളില്‍ നിന്ന് സമ്മേളന പ്രതിനിധികള്‍ക്ക് മഞ്ചേരിയിലെത്താന്‍ ഫറോക്കില്‍നിന്ന് ബസ് ഏര്‍പ്പെടുത്തിയിരുന്നു. നിരവധി മധ്യവര്‍ഗ മാപ്പിള കുടിയാന്‍മാരും സാധാരണക്കാരും ആദ്യമായി ഒരു രാഷ്ട്രീയ സമ്മേളനത്തിന് പ്രതിനിധികളായെത്തുന്നത് മഞ്ചേരി സമ്മേളനത്തിലാണ്. ഒന്നാംലോക യുദ്ധവും ഖിലാഫത്ത് പ്രസ്ഥാനവും റഷ്യന്‍ വിപ്ലവവും തീര്‍ത്ത പുത്തന്‍ ആവേശവും ദേശീയ പ്രസ്ഥാനത്തിന്റെ കര്‍മ രംഗവും മഞ്ചേരി സമ്മേളനം വേറിട്ടതാക്കി. ഈ സമ്മേളനത്തിന്റെ വിശദമായ പഠനം രേഖകളുടെ അഭാവത്തില്‍ സാധ്യമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളാണ് മരനാട്ടുമനയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.1919ല്‍ തുടങ്ങുന്ന സമ്മേളന സ്വാഗതസംഘം പ്രവര്‍ത്തനവും ക്ഷണക്കത്തുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ വിശേഷിച്ചും സ്വാതന്ത്ര്യ സമരം, കര്‍ഷക മുന്നേറ്റങ്ങള്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനം, ആധുനികതയുടെ കടന്നുവരവ്, ഒന്നാംലോകയുദ്ധം, മലയാളിയുടെ പരദേശ ബന്ധങ്ങള്‍,ചികില്‍സാ സമ്പ്രദായം, കന്നുകാലി പരിപാലനം, കോളനി വാഴ്ചയുടെ പ്രാദേശികമാനങ്ങള്‍, സാമൂഹിക ജീവിതം തുടങ്ങിയ കാര്യങ്ങള്‍ തദ്ദേശീയമായ ചരിത്ര രേഖകളുടെ സഹായത്തോടെ പഠിക്കാന്‍ ഉതകുന്ന തെളിവുകളാണ് ഇവ. കണഅടെത്തിയ രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ പകര്‍പ്പുകളാക്കുന്നതിനും കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മരനാട്ടു മനയിലെ മോഹനന്‍ നമ്പൂതിരി, മാധവന്‍നമ്പൂതിരി, കരിക്കാട്ടെ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ചരിത്രവിഭാഗത്തിലെ ഡോ. വി വി ഹരിദാസ് എന്നിവരുടെ കൂടി മേല്‍നോട്ടത്തിലാണ് ഗവേഷകര്‍ മരനാട്ടുമനയിലെ രേഖകള്‍ പരിശോധിച്ചത്.
Next Story

RELATED STORIES

Share it