Flash News

16 ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ച സംഭവം : മൂന്ന് കാമറൂണ്‍ സ്വദേശികള്‍ അറസ്റ്റില്‍



തൃശൂര്‍: ഹോട്ടലില്‍നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് വിദേശികള്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര (52), സിമോ ഫോട്‌സോ വിക്ടര്‍ (49), ടെനെ ഫോങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവരാണ് ബംഗളൂരുവില്‍ വച്ച് ഷാഡോ പോലിസിന്റെ പിടിയിലായത്. 6,32,000 രൂപയുടെ കള്ളനോട്ടുകളും ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, സ്‌കാനര്‍, കംപ്യൂട്ടര്‍ എന്നിവയടക്കമാണ് പ്രതികള്‍ പിടിയിലായത്. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഈസ്റ്റ് സിഐ, സിറ്റി ഷാഡോ പോലിസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാത്രിയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ ഇവര്‍ വാടകയ്ക്ക് മുറിയെടുക്കാനെത്തിയത്. ഹോട്ടലില്‍ പോലിസിന്റെ സാന്നിധ്യം സംശയിച്ച ഇവര്‍ ബാഗുപേക്ഷിച്ച് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലിസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളും മറ്റും കണ്ടെടുത്തത്. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയുമായിരുന്നു. തൃശൂര്‍ ഈസ്റ്റ് സിഐ കെ സി സേതു, എസ്‌ഐ സിജോ, ഷാഡോ പോലിസ് അംഗങ്ങളായ വി കെ അന്‍സാര്‍, പി എം റാഫി, ടി വി ജീവന്‍, എം എസ് ലിഗേഷ്, ഈസ്റ്റ് സ്റ്റേഷനിലെ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Next Story

RELATED STORIES

Share it